പിറവം ആശുപത്രിയിലെ ആംബുലൻസ് കട്ടപ്പുറത്ത് : യുഡിഎഫ് കൗൺസിലർമാർ സൂപ്രണ്ടിനെ ഉപരോധിച്ചു
1437696
Sunday, July 21, 2024 3:49 AM IST
പിറവം: താലൂക്ക് ആശുപത്രിയിൽ ആംബുലൻസ് സേവനം നിലച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. ആശുപത്രിയിൽ ആംബുലൻസ് സേവനം നിലച്ചിട്ട് രണ്ട് മാസം പിന്നിടുകയാണ്. ടെസ്റ്റ് വർക്കുകൾക്കായി കയറ്റിയ ആംബുലൻസിന്റെ ജോലികൾക്കായി തയാറാക്കിയ എസ്റ്റിമേറ്റിലും മറ്റും ബന്ധപ്പെട്ട് അധികാരികൾക്കുണ്ടായ വീഴ്ചയാണ് ഈ കാലതാമസത്തിന് കാരണം.
വളരെയധികം ഗൗരവമുള്ള ആംബുലൻസിന്റെ കാര്യത്തിൽ പോലും വേണ്ടത്ര ശ്രദ്ധ കൊടുക്കുവാൻ നഗരസഭയോ, ആശുപത്രി അധികാരികളോ തയാറായിട്ടില്ലന്ന് പ്രതിപക്ഷം ആരോപിച്ചു.
108ആംബുലൻസ് ജീവനക്കാർ പണിമുടക്കിയതോടുകൂടി സാധാരണക്കാരായ ജനങ്ങൾ അത്യാവശ്യ ഘട്ടങ്ങളിൽ വളരെയധികം ദുരിതമനുഭവിക്കുകയാണ്. ഇതിൽ പ്രതിഷേധിച്ച് യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിൽ ആശുപത്രി സൂപ്രണ്ട് ഇൻ ചാർജിനെ ഉപരോധിച്ചു.
പത്ത് ദിവസത്തിനുള്ളിൽ പണി പൂർത്തീകരിച്ച് ആംബുലൻസ് സേവനം ലഭ്യമാക്കുമെന്നും, അതുവരെ എച്ച്എംസി യോഗം അടിയന്തിരമായി വിളിച്ചു ചേർത്ത് താത്കാലികമായി ആംബുലൻസ് സൗകര്യം ലഭ്യമാക്കുന്നതിനെ പറ്റി ആലോചിക്കാമെന്നും നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധ സമരം അവസാനിപ്പിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അരുൺ കല്ലറക്കൽ അധ്യക്ഷത വഹിച്ച ഉപരോധ സമരം നഗരസഭ പ്രതിപക്ഷ നേതാവ് തോമസ് മല്ലിപ്പുറം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ജില്ലാ സെക്രട്ടറി രാജു പാണാലിക്കൽ, ഡോമി ചിറപ്പുറം, തോമസ് തേക്കുംമൂട്ടിൽ, കൗൺസിലർമാരായ അന്നമ്മ ഡോമി, ജിൻസി രാജു, വത്സല വർഗീസ്, ജോജിമോൻ ചാരുപിലാവിൽ, രമ വിജയൻ, മോളി ബെന്നി, സിനി ജോയ് തുടങ്ങിയവർ നേതൃത്വം നൽകി.