കുപ്രസിദ്ധ ‘ബാപ്പയും മക്കളും' മോഷണ സംഘാംഗങ്ങൾ അറസ്റ്റിൽ
1437688
Sunday, July 21, 2024 3:49 AM IST
കൊച്ചി: നഗരത്തില്‍ വന്‍ കവര്‍ച്ച ലക്ഷ്യമിട്ടെത്തിയ ‘ബാപ്പയും മക്കളും' മോഷണ സംഘാംഗങ്ങൾ അറസ്റ്റിൽ. സംഘത്തിലെ മകനും കൂട്ടാളികളുമാണ് കൊച്ചിയില്‍ പിടിയിലായത്.
കോഴിക്കോട് ചക്കുംകടവ് സ്വദേശി ഫസലുദീന്റെ മകന് ഫാസിൽ(23), സുഹൃത്തുക്കളും കോഴിക്കോട് സ്വദേശികളുമായ മുഹമ്മദ് തൈഫ് (20), ഷാഹിദ് (20), ഗോകുല്‍ (21) എന്നിവരെ എറണാകുളം സെന്‍ട്രല്‍ എസ്ഐമാരായ സി. അനൂപ്, ഷാഹിന എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഫസലുദീനും മക്കളും ചേര്‍ന്നാണ് പലയിടങ്ങളിലും കവര്‍ച്ച നടത്തിയിരുന്നത്. തുടര്‍ന്നാണ് ഇവർക്ക് ‘ബാപ്പയും മക്കളും' എന്ന പേര് വീണത്.
എറണാകുളം പ്രോവിഡന്‍സ് റോഡിലെ ഒരു വീട്ടില്‍ നിന്ന് സംഘം ബൈക്ക് മോഷ്ടിക്കാന്‍ ശ്രമം നടത്തി. തുടര്‍ന്ന് അതിനടുത്തുള്ള മറ്റൊരു സ്ഥാപനത്തില്‍ കയറി മൊബൈൽ ഫോണും വാച്ചും മോഷ്ടിച്ചു കടന്നുകളയുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതികളാണ് സംഘാംഗങ്ങൾ. സംഘാംഗമായ തൈഫിന്റെ പേരിൽ വിവിധ സ്റ്റേഷനുകളിലായി 14 മോഷണക്കേസുകളാണുള്ളത്.
താമരശേരി, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ ഭവനഭേദനം, ഭണ്ഡാരങ്ങൾ കുത്തിത്തുറക്കൽ, ബൈക്ക് മോഷണം, സൂപ്പര്‍മാര്‍ക്കറ്റുകളില്‍ കവർച്ച എന്നിവ നടത്തിയ ശേഷം അടുത്തിടെ ബംഗളൂരുവിലേക്ക് കടന്നുകളഞ്ഞ സംഘം കൊച്ചിയിലെത്തിയതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതിനിടയിലാണ് സംഘം മോഷണം നടത്തി മടങ്ങവേ പോലീസിന്റെ പിടിയിലായത്. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് വിവിധ സ്ഥലങ്ങളിലെ മോഷണങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ബംഗളൂരുവില്‍ മോഷണം നടത്തിയ ശേഷമാണ് സംഘം കൊച്ചിയിലെത്തിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.