കന്നഡിഗർക്കു സവിശേഷ സംവരണം : നിയമ നിർമാണം ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനമെന്ന്
1437214
Friday, July 19, 2024 4:04 AM IST
മൂവാറ്റുപുഴ: കർണാടകയിലെ സ്വകാര്യ മേഖയിലെ തൊഴിലിടങ്ങളിൽ കന്നഡിഗർക്കു സവിശേഷ സംവരണം നൽകാനുള്ള നിയമ നിർമാണ നീക്കം ഫെഡറൽ തത്വങ്ങളുടെ നഗ്നമായ ലംഘനവും ഭരണഘടയുടെ അടിസ്ഥാന തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി. കേരള കോണ്ഗ്രസ്-എം എറണാകുളം ജില്ലാ മലയോര മേഖലാ നേതൃത്വ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇഷ്ടമുള്ള തൊഴിലെടുക്കുന്നതിന് ഭരണഘടന ഉറപ്പു നൽകുന്ന അവകാശങ്ങളുടെ നഗ്നമായ ലംഘനമാണ് നിർദിഷ്ട ബിൽ. ഇന്ത്യയിലെ വ്യാവസായിക വിവരസാങ്കേതിക മേഖലകളുടെ വളർച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഈ നീക്കത്തിൽ നിന്നും കർണാടക സർക്കാർ പൂർണമായും പിൻവാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ജോസ് കെ. മാണി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് അധ്യക്ഷത വഹിച്ചു. ആലുവ - മൂന്നാർ രാജപാത ഗതാഗതത്തിനായി ഉടൻ തുറന്നു കൊടുക്കണമെന്നും മഴക്കെടുതിയിൽ കൃഷിനാശം സംഭവിച്ചവർക്കും വീടുകൾ നഷ്ടപ്പെട്ടവർക്കും അടിയന്തര ധനസഹായം അനുവദിക്കണമെന്നും വന്യജീവി ആക്രമണങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർക്കും മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കുമുള്ള ധനസഹായം കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്നും നേതൃസംഗമം സർക്കാരിനോട് ആവശ്യപ്പെട്ടു.