നെടുന്പാശേരിയിൽ പൊളിച്ച റോഡുകൾ പുനർനിർമിക്കാൻ ജനപ്രതിനിധികളുടെ ഉപരോധം
1437195
Friday, July 19, 2024 3:40 AM IST
നെടുമ്പാശേരി: ജലജീവൻ പദ്ധതിക്കായി പൈപ്പിടാൻ പൊളിച്ച ഗ്രാമീണ റോഡുകൾ സഞ്ചാരയോഗ്യമാക്കണെമെന്നാവശ്യപെട്ട് പഞ്ചായത്തിലെ ജനപ്രതിനിധികൾ ജല അഥോറിറ്റി പൊരുമ്പാവൂർ ഡിവിഷൻ ഓഫീസ് ഉപരോധിച്ചു. കരാർ പ്രകാരം പദ്ധതിക്കായി പൊളിക്കുന്ന റോഡുകൾ പുനർനിർമിക്കാൻ ജല അതോറിറ്റിയ്ക്ക് ഉത്തരവാദിത്വമുണ്ട്.
റോഡ് പൊളിച്ച് മാസങ്ങൾ പിന്നിട്ടിട്ടും ജലഅഥോറിറ്റി യാതൊരു നിർമാണ പ്രവർത്തിയും തുടങ്ങിയില്ലെന്ന് ജനപ്രതിനിധികൾ ആരോപിച്ചു. പഞ്ചായത്തിലെ ഭൂരിഭാഗം റോഡുകളും സഞ്ചാര യോഗ്യമല്ലാത്ത അവസ്ഥയിലാണെന്ന് ജനപ്രതിനിധികൾ പറഞ്ഞു.പ്രതിഷേധത്തിന് പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി.പ്രദീഷും, പഞ്ചായത്ത് പ്രസിഡന്റ് ഏ.വി. സുനിലും, വൈസ് പ്രസിഡന്റ് ശോഭാ ഭരതനും നേതൃത്വം നൽകി.
ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ആനി കുഞ്ഞുമോൻ, പഞ്ചായത്തംഗങ്ങളായ അജിത അജയൻ, ബിന്ദു സാബു, വനജ സന്തോഷ്, ജൂബി ബൈജു, കെ.കെ. അബി, പി.ഡി. തോമസ്, എൻ.എസ്. അർച്ചന, അംബിക പ്രകാശ് എന്നിവർ പങ്കെടുത്തു.