ഉമ്മന്‍ ചാണ്ടി ജനകീയതയും ലാളിത്യവും മുഖമുദ്രയാക്കിയ നേതാവ്: പ്രഫ. സാനു
1437187
Friday, July 19, 2024 3:28 AM IST
കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അനുസ്മരണവും സര്‍വമത പ്രാര്‍ഥനയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എറണാകുളം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തി. ഹൈക്കോടതി ജംഗ്ഷന് വഞ്ചി സ്ക്വയറില്‍ നടന്ന അനുസ്മരണ ചടങ്ങ് പ്രഫ.എം.കെ സാനു ഉദ്ഘാടനം ചെയ്തു.
താന്‍ വ്യത്യസ്തമായൊരു രാഷ്ട്രീയ നിലപാടില്‍ ആയിരുന്ന കാലത്തും അല്ലാത്ത കാലത്തും ജനകീയതയും ലാളിത്യവും മുഖമുദ്രയാക്കി ജനസേവനത്തിനിറങ്ങിയ മറ്റൊരു നേതാവിനെ കണ്ടിട്ടില്ലെന്നും എങ്ങനെയായിരിക്കണം ഒരു പൊതുപ്രവര്ത്തകന് എന്നതിന് ഉത്തമ മാതൃകയാണ് ഉമ്മന്‍ ചാണ്ടിയെന്നും ഉദ്ഘാടന പ്രസംഗത്തില്‍ സാനു മാസ്റ്റര്‍ പറഞ്ഞു.
ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഡൊമിനിക് പ്രസന്റേഷന്, അജയ് തറയില്‍, ലൂഡി ലൂയിസ്, കെ.ജി. രാജേഷ്, കെ.വി.പി. കൃഷ്ണകുമാര്‍, ലാലി വിന്‍സെന്റ്, ചാള്‍സ് ഡയസ്, വിജു ചൂളയ്ക്കല്‍, സനല്‍ നെടിയതറ, സിജോ ജോസഫ്, സഫല്‍ വലിയവീടന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.