ക്രിമിനൽ കേസിലെ പ്രതിക്കു ജാമ്യം: ജില്ലാ കോടതി പരിസരത്ത് പ്രതിഷേധ പോസ്റ്ററുകൾ
1430965
Sunday, June 23, 2024 5:07 AM IST
കൊച്ചി: രാസലഹരിക്കടത്ത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ നഹാസ് ഹുസൈന് 30 ദിവസത്തിനകം ജാമ്യം ലഭിച്ചതിനെതിരെ എറണാകുളം ജില്ലാ കോടതി പരിസരത്ത് പോസ്റ്ററുകൾ. കോടതിയുടെ മതിലിലാണ് അജ്ഞാതർ പ്രതിഷേധ പോസ്റ്ററുകൾ പതിച്ചിട്ടുള്ളത്.
50 ഗ്രാം എംഡിഎംഎയുമായി തൃക്കാക്കരയിൽനിന്ന് പിടിയിലായ നഹാസിനു 30 ദിവസത്തിനകം ജാമ്യം നൽകിയ ജില്ലാ കോടതി വിധി നാടിന് ആപത്തെന്നാണ് പോസ്റ്ററിലുള്ളത്.
കോടതി വിധിക്കെതിരെ പോലീസ് മേൽക്കോടതിയിൽ അപ്പീൽ നൽകുക, വൻകിട മയക്കുമരുന്ന് കേസുകളിലെ പ്രതികളുടെ ജാമ്യത്തിന് സഹായകരമാകുന്ന സർക്കാർ വക്കീലന്മാരുടെ നിരുത്തരവാദിത്വത്തെക്കുറിച്ച് അന്വേഷണം നടത്തുക എന്നീ കാര്യങ്ങളും പോസ്റ്ററിൽ ഉന്നയിച്ചിട്ടുണ്ട്. ലഹരിവിരുദ്ധ സമിതിയുടെ പേരിലാണ് പോസ്റ്റർ.
സ്വർണക്കടത്ത്, വധശ്രമം, തട്ടിക്കൊണ്ടു പോകൽ, ലഹരിക്കേസുകൾ ഉൾപ്പെടെ കൊച്ചി സിറ്റി പോലീസിലെ വിവിധ സ്റ്റേഷനുകളിൽ നഹാസ് ഹുസൈനെതിരേ 13 കേസുകൾ നിലവിലുണ്ട്.
കാപ്പ പ്രകാരം ഇയാളെ ഏലൂർ പോലീസ് നാടു കടത്തിയതാണ്.
പാലാരിവട്ടം, ഏലൂർ, കളമശേരി, തൃക്കാക്കര എന്നീ പോലീസ് സ്റ്റേഷനുകളിലും പ്രതിക്കെതിരെ കേസുകളുണ്ട്.