യുവാവിന്റെ കൊലപാതകം: ബന്ധുവിന് ജീവപര്യന്തം തടവും ഒന്നരലക്ഷം പിഴയും
1425951
Thursday, May 30, 2024 5:01 AM IST
മൂവാറ്റുപുഴ: പുത്തന്‍കുരിശ് നാലുസെന്റ് കോളനിയില്‍ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ബന്ധുവിന് ജീവപര്യന്തം തടവും ഒന്നര ലക്ഷം രൂപ പിഴയും. വെള്ളുമനക്കുഴി കരോട്ട് സുരേഷ് (ബഡാഭായി- 28) നെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയും, ബന്ധുവുമായ വടക്കനേട് ഷണ്മുഖനെയാണ് മൂവാറ്റുപുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ടോമി വർഗീസ് ശിക്ഷിച്ചത്.
പിഴത്തുക അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കേണ്ടിവരും. പിഴത്തുക കൊല്ലപ്പെട്ട സുരേഷിന്റെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു.
പ്രോസിക്യൂഷന് ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2019 മാര്‍ച്ച് 24ന് പീച്ചിങ്ങച്ചിറ നാലുസെന്റ് കോളനിയിലേക്കുള്ള വഴിയില്‍ സുരേഷിനെ പ്രതി കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു.
അമ്പലമേട് പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന കെ.കെ. ഷെബാബാണ് പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം ഹാജരാക്കിയത്. അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എസ്. ജ്യോതികുമാര്‍ ഹാജരായി.