ജലജീവൻ പദ്ധതിക്കായി പൊളിച്ചു : കരിങ്കൽക്കെട്ടില്ലാത്തതിനാൽ റോഡ് അപകടാവസ്ഥയിൽ
1425791
Wednesday, May 29, 2024 4:48 AM IST
തിരുമാറാടി: പഞ്ചായത്തിലെ ജലജീവൻ മിഷൻ പദ്ധതിക്കായി കരിങ്കൽകെട്ട് പൊളിച്ചത് പുനർനിർമിക്കാത്തതിനാൽ റോഡ് അപകടാവസ്ഥയിൽ. എട്ടു മാസം മുന്പ് തിരുമാറാടി പഞ്ചായത്തിലെ രണ്ടാം വാർഡിൽ അത്താണി-പൊടിപാറ റോഡിൽ മണ്ടോളിൽതാഴം ഭാഗത്താണ് ജൽജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടുന്നതിന് 15 അടി ഉയരത്തിലുള്ള കരിങ്കൽകെട്ട് അഞ്ച് മീറ്റർ നീളത്തിൽ പൊളിച്ചത്.
മഴക്കാലമായതോടെ കരിങ്കൽകെട്ടിനടിയിലെ മണ്ണ് ഒലിച്ചുപോയി ടാറിംഗ് മാത്രമായ അവസ്ഥയിലാണ്. നിരവധി വാഹന യാത്രക്കാരും കാൽനട യാത്രക്കാരും ദിനംപ്രതി യാത്ര ചെയ്യുന്ന വഴിയാണിത്. സ്കൂൾ തുറക്കുന്നത്തോടെ നിരവധി സ്കൂൾ വാഹനങ്ങളും ഇതുവഴി കടന്നുപോകും.
നിലവിൽ റോഡിന്റെ വീതി കുറഞ്ഞ ഭാഗമാണിവിടം. നിരവധി തവണ പഞ്ചായത്ത് രേഖമൂലം ആവശ്യപ്പെട്ടിട്ടും കരിങ്കൽകെട്ട് പുനർ നിർമിക്കാൻ ജല അഥോറിറ്റി തയാറായിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതർ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യാമോൾ പ്രകാശ്, സ്ഥിരം സമിതി അധ്യക്ഷരായ അനിത ബേബി, സാജു ജോണ്, പഞ്ചായത്തംഗം കെ.കെ. രാജ്കുമാർ, സെക്രട്ടറി പി.പി. റെജിമോൻ, അസിസ്റ്റന്റ് എൻജിനീയർ അനീഷ് സത്യൻ എന്നിവരുടെ നേതൃത്വത്തിൽ സ്ഥലം സന്ദർശിക്കുകയും തുടർന്ന് അടിയന്തര ഇടപെടൽ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് മന്ത്രി റോഷി അഗസ്റ്റിന് പരാതി നൽകുകയും ചെയ്തു.