മണപ്പുറം ഗ്രൂപ്പിന്റെ മുച്ചക്ര വാഹന വിതരണം ജൂൺ ഒന്നിന്
1425786
Wednesday, May 29, 2024 4:48 AM IST
നെടുമ്പാശേരി: ‘വിംഗ്സ് ഓൺ വീൽസ്' പദ്ധതിയിലൂടെ ഭിന്നശേഷിക്കാർക്കായി മണപ്പുറം ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന മുച്ചക്രവാഹന വിതരണം ജൂൺ ഒന്നിന് നെടുമ്പാശേരി സിയാൽ കൺവൻഷൻ സെന്ററിൽ നടക്കുമെന്ന് ഫൗണ്ടേഷൻ സിഇഒ ജോർജ് ഡി. ദാസ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്തെ 11 ജില്ലകളിലെ തെരഞ്ഞെടുക്കപ്പെട്ട 75 പേർക്കാണ് ഒരു ലക്ഷം രൂപ വിലയുള്ള മുച്ചക്ര വാഹനം സമ്മാനിക്കുന്നത്. 50 ശതമാനത്തിലേറെ പരിമിധിയുള്ള ബിപിഎൽ കുടുംബങ്ങളിൽപ്പെട്ടവരെയാണ് ആനുകൂല്യത്തിനായി തെരഞ്ഞെടുത്തിട്ടുള്ളത്. 20 വയസ് മുതൽ 50 വയസ് വരെ പ്രായക്കാരായവർ പദ്ധതിയുടെ ഭാഗമായുണ്ട്.
വിതരണത്തിനുള്ള മുചക്രവാഹനങ്ങൾ 30ന് രാവിലെ വലപ്പാട്ട് നിന്നും റാലിയായി സിയാൽ കൺവൻഷൻ സെന്ററിൽ എത്തിക്കും. ഒരു വർഷം 50 കോടി രൂപയാണ് മണപ്പുറം ഫൗണ്ടേഷൻ സാമൂഹിക പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നതെന്നും ജോർജ് ഡി. ദാസ് പറഞ്ഞു.
ഒന്നാം തീയതി രാവിലെ 11 മുതൽ രജിസ്ട്രേഷൻ ആരംഭിക്കും. വൈകിട്ട് നാലിന് മണപ്പുറം ഗ്രൂപ്പ് ചെയർമാൻ വി.പി. നന്ദകുമാറിന്റെ സാന്നിധ്യത്തിൽ നടക്കുന്ന സമ്മേളനത്തിൽ ഹൈബി ഈഡൻ എംപി, എംഎൽഎമാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ടൈസൺ മാസ്റ്റർ, സി.സി. മുകുന്ദൻ തുടങ്ങിയവർ പങ്കെടുക്കും.
നെടുമ്പാശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി. സുനിൽ, ജില്ലാ പഞ്ചായത്തംഗം എം.ജെ. ടോമി, മണപ്പുറം ഫൗണ്ടേഷൻ പ്രതിനിധികളായ ശില്പ ട്രീസ, ടി.എസ്. സഞ്ജയ് എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.