വെള്ളക്കെട്ടും ഗതാഗതക്കുരുക്കും
1425780
Wednesday, May 29, 2024 4:35 AM IST
ആലുവയിൽ വീട് നിലംപൊത്തി
ആലുവ: ബിനാനിപുരം ആരോഗ്യകേന്ദ്രത്തിന് സമീപം കനത്ത മഴയിൽ വീട് പൂർണമായും നിലംപൊത്തി. കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് എടയാർ മുളങ്ങത്ത് ഉണ്ണികൃഷ്ണന്റെ ഓടിട്ട വീടാണ് തകർന്നു വീണത്. വീട്ടിൽ ഈ സമയം ആരും ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി.
മേൽക്കൂര മുഴുവനായി താഴേക്ക് പതിക്കുകയായിരുന്നു. വീട്ടിലുണ്ടായിരുന്ന ഫാനുകളടക്കമുള്ള ഗൃഹോപകരണങ്ങൾ നശിച്ചു. പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി ഇവർക്ക് താത്കാലികമായി താമസിക്കാൻ സ്ഥലം ഒരുക്കിയിട്ടുണ്ട്.
അങ്കമാലിക്ക് തീരാദുരിതമായി വെള്ളക്കെട്ട്
അങ്കമാലി: കനത്ത മഴയ്ക്കൊപ്പം വെള്ളക്കെട്ടും രൂക്ഷമായതോടെ അങ്കമാലി പട്ടണം തീരാദുരിതത്തിലായി. പട്ടണത്തില്‍ പതിവായ ഗതാഗതക്കുരുക്ക് വെള്ളക്കെട്ട് കൂടിയായതോടെ ഇരട്ടിച്ചു. കടകളിലേക്ക് വെള്ളം കയറുന്നത് നിത്യസംഭവമായി.
ഇന്നലെ രാവിലെ മുതല്‍ തകര്‍ത്തു പെയ്ത മഴയില്‍ പഴയ മാര്‍ക്കറ്റ് റോഡ്, അങ്ങാടിക്കടവ് ജംഗ്ഷന്, ഡോണ്‍ സ്കൂള്‍ പരിസരം, എളവൂര്‍ കവല തുടങ്ങിയ സ്ഥലങ്ങളെല്ലാം റോഡ് വെള്ളത്തില്‍ മുങ്ങി. പഴയ മാര്‍ക്ക് റോഡിലെ കടകളിലേക്ക് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇതു മൂന്നാം പ്രാവശ്യമാണ് വെള്ളം കയറുന്നത്.
വ്യാപാരികളും കയറ്റിറക്ക് തൊഴിലാളികളും ഏറെ പണിപ്പെട്ടാണ് വെള്ളക്കെട്ടില്‍ നശിക്കാതെ സാധനങ്ങള്‍ സംരക്ഷിക്കുന്നത്. കോതകുളങ്ങരയിലെ ഏതാനും വീടുകളിലേക്കും കടകളിലേക്കും വെള്ളം കയറി. ഡോണ്‍ ബോസ്കോ സ്കൂളിനു സമീപം കാനയിലെ നീരൊഴുക്ക് തടസപ്പെട്ടതിനെ തുടര്‍ന്ന് വെള്ളം ഉയര്‍ന്നു.
ഫയര്‍ഫോഴ്സ് എത്തി കാനയിലെ തടസം ഭാഗികമായി നീക്കിയതോടെയാണ് വെള്ളക്കെട്ട് താല്‍ക്കാലികമായി ഒഴിവായത്. എളവൂര്‍ കവല, കറുകുറ്റി അരീയ്ക്കല്‍ കവല തുടങ്ങിയ സ്ഥലങ്ങളില്‍ സര്‍വീസ് റോഡുകള്‍ വെള്ളത്തിനടിലായി. വേനല്‍മഴയ്ക്കു തന്നെ വെള്ളക്കെട്ടിനുള്ള സൂചനകള്‍ ലഭിച്ചെങ്കിലും അധികൃതര്‍ വേണ്ടത്ര മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന് ആക്ഷേപമുണ്ട്.
വെള്ളക്കെട്ട് ഒഴിവാക്കാന്‍ നടപടിയെടുക്കും: പി. രാജീവ്
കൊച്ചി: കളമശേരി മണ്ഡലത്തിലും സമീപപ്രദേശങ്ങളിലും ഉണ്ടാകുന്ന വെള്ളക്കെട്ട് പരിഹരിക്കാന്‍ ശാസ്ത്രീയമായ പരിഹാര മാര്‍ഗങ്ങള്‍ സ്വീകരിക്കുമെന്ന് മന്ത്രി പി. രാജീവ്. രണ്ടര മണിക്കൂറിനുള്ളില്‍ 150 മില്ലിമീറ്റര്‍ മഴയുണ്ടായതാണ് അപ്രതീക്ഷിതമായ വെള്ളക്കെട്ടിന് കാരണമെന്നാണ് മനസിലാക്കുന്നത്.
വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടുത്തുന്ന വിധം ഉണ്ടായിട്ടുള്ള കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്നും കാനകളിലെ സുഗമമായ നീരൊഴുക്ക് പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.