‘വെള്ളത്തിലായി' ബ്രേക്ക് ത്രൂ
1425779
Wednesday, May 29, 2024 4:35 AM IST
കൊച്ചി: നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ജില്ലാ ഭരണകൂടം നേരിട്ട് നടപ്പാക്കിയ ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതി ഫലം കണ്ടില്ല. ചെറിയ മഴയില്‍പോലും നഗരം വെള്ളക്കെട്ടിലാകുന്ന കാഴ്ചയാണ് ഇന്നലെ കണ്ടത്. പദ്ധതി പരാജയമാണെന്ന് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം ശരിവയ്ക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ നഗരത്തിലുണ്ടായ വെള്ളക്കെട്ട്.
ഓപ്പറേഷന് ബ്രേക്ക് ത്രൂ പദ്ധതിയുടെ ഭാഗമായി ചെളി നീക്കി നിരൊഴുക്ക് സുഗമമാക്കിയ മുല്ലശേരി കനാലിലൂടെ ഇന്നലെ വെള്ളം ഒഴുകിപ്പോകുന്നതില്‍ തടസമുണ്ടായതാണ് പതിവ് പോലെ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലും പരിസര പ്രദേശങ്ങളിലും വെള്ളക്കെട്ടിന് കാരണമായത്.
എംജി റോഡ് ഭാഗത്ത് ആഴ്ചകളെടുത്ത് പുതുക്കി നിര്‍മിച്ച മുല്ലശേരി കനാലിന്റെ കല്‍വര്‍ട്ടില്‍ നീരൊഴുക്ക് തടസപ്പെട്ടതിനാല്‍ മഴവെള്ളം ഒഴുകി പോകാന്‍ കഴിയാതെ എംജി റോഡും വെള്ളത്തിലായി. മുല്ലശേരി കനാലിന്റെ പണി ഇനിയും പൂര്‍ത്തിയായിട്ടില്ല.
അതേസമയം എംജി റോഡ് പ്രദേശത്ത് മഴക്കാല മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടന്നിട്ടില്ലെന്ന് ടി.ജെ. വിനോദ് എംഎല്‍എ ആരോപിച്ചു. കാനകള്‍ കോരുന്നതില്‍ കോര്പറേഷന് വീഴ്ച സംഭവിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂപപ്പെടുന്നതിന് ഇതും കാരണമായിട്ടുണ്ടെന്നും എംഎല്‍എ പറഞ്ഞു.
ഓപ്പറേഷന് ബ്രേക്ക് ത്രൂവിലൂടെ ജില്ലാ ഭരണകൂടം നേരിട്ട് നടപ്പാക്കിയ പ്രവര്‍ത്തനങ്ങള്‍ വെള്ളക്കെട്ട് തടയാന്‍ പര്യാപ്തമായില്ലെന്നതിനാല് സംയുക്തമായി അവലോകനം നടത്താന്‍ തയാറാകണമെന്ന് ജനപ്രതിനിധികളുടെ ആവശ്യം. പേരണ്ടൂര്‍ കനാല്‍ നവീകരണം പദ്ധതി പ്രകാരം നടത്തിയെന്ന് അവകാശപ്പെടുമ്പോഴും ഈ റോഡിലും വെള്ളക്കെട്ട് രൂക്ഷമാണ്.
നോര്‍ത്ത് ടൗണ്‍ ഹാളിന് സമീപത്തെ രൂക്ഷമായ വെള്ളക്കെട്ടിന് നേരിയ ശമനം കൈവന്നെങ്കിലും മേല്‍പ്പാലത്തിന് സമീപം ഇപ്പോഴും വെള്ളക്കെട്ട് ഒഴിഞ്ഞിട്ടില്ല. നഗരത്തിനുള്ളിലെ കോളനികളായ കമ്മട്ടിപ്പാടം, പി ആന്‍ഡി ടി കോളനി, ഉദയ കോളനി എന്നിവിടങ്ങളിലും വെള്ളം കയറി.
മുല്ലശേരി കനാലിന്റെ പണി പൂര്‍ത്തിയാകാത്തതാണ് ഇവിടുടെ പ്രതിസന്ധിക്ക് കാരണം. ഇടപ്പള്ളിതോട് നവീകരിച്ചെങ്കിലും ടോള്‍ ജംഗ്ഷനില്‍ രൂക്ഷമായിരുന്നു വെള്ളക്കെട്ട്. ഇത് മണിക്കൂറുകള്‍ നീണ്ട ഗതാഗതക്കുരുക്കിനും കാരണമായി.