ചാലക്കുടിപ്പുഴയിലെ മുങ്ങിമരണം: മേഘയുടെ സംസ്കാരം നടത്തി
1425381
Monday, May 27, 2024 10:05 PM IST
പറവൂർ: ചാലക്കുടിപ്പുഴയിൽ മുങ്ങിമരിച്ച സഹോദരിമാരുടെ മക്കളിൽ മേഘ(23)യുടെ മൃതദേഹം ഇന്നലെ വൈകിട്ട് വീട്ടുവളപ്പിൽ സംസ്കരിച്ചു.
പുത്തൻവേലിക്കര കുറ്റിക്കാട്ടുപറമ്പിൽ രാഹുലിന്റെയും ഇളന്തിക്കര ഹൈസ്കൂൾ അധ്യാപിക റീജയുടെയും മകളാണ് മേഘ. മാൾട്ടയിൽ നിന്നെത്തിയ സഹോദരി രേഷ്മ, മേഘയോടൊപ്പം ഒഴുക്കിൽപ്പെട്ട് ആശുപത്രിയിൽ ചികിത്സയിലായിരുന്ന മറ്റൊരു സഹോദരി നേഹ എന്നിവർ മേഘയുടെ മൃതദേഹത്തിൽ കെട്ടിപ്പിടിച്ച് യാത്ര പറഞ്ഞപ്പോൾ ഏവരുടെയും കണ്ണുകൾ ഈറനണിഞ്ഞു.
നിർമാണം പൂർത്തീകരിക്കാത്ത വിട്ടുവളപ്പിൽ തന്നെയാണ് ബന്ധുക്കളുടെ ആവശ്യപ്രകാരം മേഘയ്ക്ക് ചിതയൊരുക്കിയത്. ലൈബ്രറി സയൻസിൽ ബിരുദം നേടിയ മേഘ ഇടപ്പള്ളി ക്യാംപയ്ൻ സ്കൂളിലെ ലൈബ്രേറിയനായി ജോലി ചെയ്തു വരികയായിരുന്നു.
മുൻ എംപി കെപി ധനപാലൻ, സിപിഎം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, മിൽമ മേഖലാ ചെയർമാൻ എം.ടി. ജയൻ, ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ കെ.പി. വിശ്വനാഥൻ, പഞ്ചായത്ത് പ്രസിഡന്റ് റോസി ജോഷി തുടങ്ങിയവർ വീട്ടിലെത്തി അന്തിമോപചാരമർപ്പിച്ചു.