ഞാറയ്ക്കലിൽ കടല്‍ക്ഷോഭം
1425327
Monday, May 27, 2024 6:55 AM IST
വൈപ്പിൻ: ഞാറയ്ക്കല്‍ പഞ്ചായത്തിലെ തീരമേഖലയില്‍ കാലവര്‍ഷം തുടങ്ങുന്നതിന് മുമ്പേ കടല്‍ക്ഷോഭം ശക്തമായതോടെ തീരദേശത്തുകാർ ആശങ്കയിൽ. അതിതീവ്ര മഴയ്ക്കൊപ്പം കാറ്റും ആഞ്ഞടിച്ചപ്പോഴാണ് കടൽ ക്ഷോഭിച്ചത്. കടല്‍ വെള്ളം തീരദേശ റോഡും കവിഞ്ഞ് ജനവാസ മേഖലയിലേക്ക് ഒഴുകുകയാണ്.
മുന്‍ വര്‍ഷങ്ങളില്‍ കാലവർഷത്തിനു മുന്നേ കടൽ ഭിത്തിക്ക് സമാന്തരമായി മണല്‍ ബണ്ട് നിര്‍മിക്കാറുണ്ട്. എന്നാല്‍ ഇത്തവണ ഇതുണ്ടായില്ല. വാര്‍ഡ് മെമ്പറും തീരദേശവാസികളും ചേര്‍ന്ന് പരാതി നല്കിയപ്പോള് അടിയന്തരമായി പരിഹരിക്കാമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉറപ്പ് നല്‍കിയെങ്കിലും നാളിതുവരെ പാലിച്ചില്ലെന്ന് പഞ്ചായത്തംഗമായ സജീഷ് മങ്ങാടൻ ആരോപിച്ചു.