നഷ്ടപരിഹാരം നൽകണമെന്ന് ഡോ. കളത്തിപ്പറമ്പിൽ
1424930
Sunday, May 26, 2024 3:36 AM IST
കൊച്ചി: പെരിയാറിലുണ്ടായ മത്സ്യക്കുരുതിയിൽ നഷ്ടത്തിന്റെ കണക്കെടുപ്പ് സമയബന്ധിതമായി നടത്തി ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറന്പിൽ ആവശ്യപ്പെട്ടു. ഇതിനു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും മത്സ്യത്തൊഴിലാളി ക്ഷേമനിധി ഫണ്ടിൽ നിന്നും തുക വകയിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്സ്യക്കുരുതിയുടെ ഇരകളായ മത്സ്യകർഷകർക്കും തൊഴിൽ നഷ്ടമാകുന്ന മത്സ്യത്തൊഴിലാളികൾക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചു വിളിച്ചുചേർത്ത, പെരിയാറിന്റെ തീരമേഖലകളിലെ ഇടവക വികാരിമാരുടെയും പ്രതിനിധികളുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നഷ്ടപരിഹാരം ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്ക് കത്തയക്കും. പെരിയാറിന്റെ തീരമേഖലയിൽ നാശനഷ്ടം സംഭവിച്ച മത്സ്യ കർഷകരുടെ വിവരശേഖരണം നടത്തി മറ്റ് അധികൃതർക്കും വിശദവിവരങ്ങൾ അടങ്ങിയ പരാതി സമർപ്പിക്കും. സെന്റ് ആൽബർട്സ് കോളജിലെ ടീമും കുഫോസ് മുൻ രജിസ്ട്രാർ ഡോ. വിക്ടർ ജോർജും പഠനത്തിനു നേതൃത്വം നൽകും. തീര മേഖലയിലെ എല്ലാ പള്ളികളിലും ഇന്നു വിവരശേഖരണം ഉണ്ടാകും.
ആർച്ച്ബിഷപ്സ് ഹൗസിൽ നടന്ന യോഗത്തിൽ വികാരി ജനറാൾമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമറ്റം, ഫാ. എബിജിൻ അറക്കൽ, ഫാ. യേശുദാസ് പഴമ്പിള്ളി, അഡ്വ. ഷെറി ജെ. തോമസ് എന്നിവർ പ്രസംഗിച്ചു. തുടർ പ്രവർത്തനങ്ങൾക്കുമായി സേവ് പെരിയാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
അതിരൂപത പബ്ലിക്കേഷൻസ് ഡിപ്പാർട്ട്മെന്റ് ആക്ഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകും. ഭാരവാഹികളായി ഫാ. സെബാസ്റ്റ്യൻ മൂനുകൂട്ടുങ്കൽ-ചെയർമാൻ, ഫാ. വിൻസന്റ് നടുവിലപ്പറമ്പിൽ, ബൈജു ആന്റണി-വൈസ് ചെയർമാൻ, ജോബി തോമസ്-കൺവീനർ, റോയ് പാളയത്തിൽ-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.