വൃക്ക തട്ടിപ്പ്: ഇരയായ യുവതിയെ ഇടനിലക്കാര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം ഇഴയുന്നു
1424929
Sunday, May 26, 2024 3:36 AM IST
കൊച്ചി: വൃക്ക തട്ടിപ്പിന് ഇരയായ യുവതിയെ അവയവ മാഫിയയില്‍പ്പെട്ട ഇടനിലക്കാര്‍ പീഡിപ്പിച്ചെന്ന പരാതിയില്‍ അന്വേഷണം ഇഴയുന്നു. സംഭവത്തില്‍ നാല് പേര്‍ക്കെതിരെ പനങ്ങാട് പോലീസ് കേസെടുത്തെങ്കിലും ഇനിയും പ്രതികളുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശനിയാണ് പോലീസിനെ സമീപിച്ചത്.
ആശുപത്രി ജീവനക്കാരിയായിരുന്ന വീട്ടമ്മ 2020ല്‍ ഒരു ഏജന്റ് മുഖേനയാണ് വൃക്ക നല്‍കിയത്. 8.5 ലക്ഷം രൂപയായിരുന്നു വാഗ്ദാനം. എന്നാല്‍ 3.5 ലക്ഷം രൂപ മാത്രമേ ഏജന്റ് നല്കിയുള്ളൂ. യുവതി ഒപ്പിട്ട ഒരു ബ്ലാങ്ക് ചെക്ക് ഏജന്റ് കൈവശപ്പെടുത്തുകയും ചെയ്തു.
ബാക്കി തുകയായ അഞ്ചു ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ അവയവ ദാനത്തിന് തയാറായവരെ കണ്ടെത്തി നല്‍കാനാണ് ആവശ്യപ്പെട്ടത്. വിവരം പോലീസില്‍ പരാതിപ്പെടാന്‍ നീക്കം നടത്തിയതോടെ താന്‍ നേരത്തെ കൈമാറിയ ചെക്ക് ഉപയോഗിച്ച് തന്നെ കള്ളക്കേസില്‍ കുടുക്കി. പിന്നാലെ ജോലി നഷ്ടപ്പെട്ടു.
പരാതി നല്കുമെന്നു പറഞ്ഞപ്പോള്‍ ഏജന്റും കൂട്ടരും ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസില്‍ നല്‍കിയിട്ടുള്ള പരാതിയില്‍ വ്യക്തമാക്കിയിട്ടുള്ളത്. 2023ല്‍ ആണ് പോലീസില്‍ പരാതി നല്‍കിയത്. പ്രാഥമിക അന്വേഷണത്തില്‍ അവയവക്കച്ചവടമാണ് കേസിലേക്ക് നയിച്ചതെന്ന് വ്യക്തമായി. കഴിഞ്ഞ ഫെബ്രുവരിയില്‍ നാല് പേര്‍ക്കെതിരെ കേസെടുത്തു.