ആസ്പിന്‍വാള്‍ വില്‍ക്കാനുള്ള നീക്കം: മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന് മേയര്‍
1424799
Saturday, May 25, 2024 5:11 AM IST
കൊച്ചി: ആസ്പിന്‍വാള്‍ കമ്പനിയുടെ സ്ഥലം വില്‍ക്കാനുള്ള നീക്കത്തിനെതിരെ മുഖ്യമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയതായി മേയര്‍ എം. അനില്‍കുമാര്‍ അറിയിച്ചു. സ്ഥലം വില്‍ക്കാനുള്ള നീക്കത്തെ നഗരസഭ ശക്തമായി എതിര്‍ക്കും. എന്നാല്‍ മേയറുടെയോ നഗരസഭയുടെയോ അധികാര പരിധിയില്‍ നില്ക്കുന്ന പ്രശ്നമല്ലിത്.
അതിനാലാണ് കൊച്ചി ബിനാലെയ്ക്ക് എല്ലാ പിന്തുണയും വര്‍ഷങ്ങളായി നല്‍കിവരുന്ന മുഖ്യമന്ത്രി തന്നെ ഈ കാര്യത്തില്‍ മുന്‍കൈയെടുക്കണമെന്ന് ആവശ്യപ്പെട്ടതെന്നും മേയര്‍ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് കോസ്റ്റ്ഗാര്‍ഡ് മേധാവി എന്‍. രവിയുമായി ടെലിഫോണില്‍ സംസാരിച്ചു. ഇതേ സ്ഥലം തന്നെ വേണമെന്ന് യാതൊരു നിര്‍ബന്ധവും അവര്‍ക്കില്ല. കരാര്‍ മാത്രമാണ് ഒപ്പിട്ടിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ മറ്റുഭൂമി ഏറ്റെടുത്തു കൊടുക്കാന്‍ സഹായിച്ചാല്‍ ഇതില്‍നിന്ന് കോസ്റ്റ്ഗാര്‍ഡ് പിന്മാറുമോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ട്. കോസ്റ്റ്ഗാര്‍ഡ് തലവനുമായി അടുത്ത ദിവസങ്ങളില്‍ മേയര്‍ എന്ന നിലയില്‍ ചര്‍ച്ച നടത്താന്‍ സന്നദ്ധമാണ്.
എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ കൂടി ഇടപെട്ടാല്‍ ഈ വില്പനയില്നിന്ന് ഡി.എല്‍.എഫ് കമ്പനിയും കോസ്റ്റ്ഗാര്‍ഡും പിന്മാറുമെന്നാണ് കരുതുന്നു. ആവശ്യമായ പിന്തുണ മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും ഈ പ്രശ്നത്തില്‍ നല്‍കുമെന്നാണ് പ്രതീക്ഷെന്നും മേയര്‍ പറഞ്ഞു.