കനാൽ ബണ്ട് റോഡുകൾ അപകടക്കെണിയാകുന്നു
1424795
Saturday, May 25, 2024 5:11 AM IST
കോതമംഗലം : മഴ ആരംഭിച്ച് കനാൽ ബണ്ട് റോഡിലെ കുണ്ടിലും കുഴികളിലും വെളളം നിറഞ്ഞതോടെ കനാലുമായി വലിയ വ്യത്യാസമില്ലാത്ത ബണ്ട് റോഡുകൾ അപകടക്കെണിയാകുന്നു. തങ്കളം ഗ്രീൻവാലി റോഡിലാണ് ഈ ദുസ്ഥിതി.
ഇതുമൂലം റോഡും കനാലും തമ്മിൽ തിരിച്ചറിയാനാകാതെ വാഹനങ്ങളും കാൽനടയാത്രികരും അപകടത്തിൽപ്പെടാൻ ഇടയാകും. റോഡിലുടനീളം കുഴികളാണ്. കുഴികളിലെല്ലാം വെളളം നിറഞ്ഞു കിടക്കുകയാണ്. കുറെക്കാലമായി റോഡിന്റെ സ്ഥിതി ദയനീയമാണ്. വാഹനങ്ങൾ മാത്രമല്ല, കാൽനടക്കാരും പ്രയാസപ്പെട്ടാണ് കടന്നുപോകുന്നത്.
ഓട്ടോറിക്ഷക്കാർ ഈ റോഡിലൂടെ ഓട്ടംപോകില്ല. അപകടങ്ങളും വാഹനങ്ങൾക്ക് കേടുപാടുണ്ടാകുന്നതും പതിവാണ്. ചെറിയ വാഹനങ്ങൾക്ക് ഓടാവുന്ന ശേഷിയെ ബണ്ട് റോഡിനുള്ളൂ. എന്നാൽ കല്ലും മണ്ണും കയറ്റിയ ടിപ്പർ ലോറികളും റോഡിലൂടെ ഓടുന്നുണ്ട്. ഇത് റോഡിന്റെ തകർച്ചയ്ക്ക് ആക്കം കൂട്ടി. അധികഭാരവുമായി ലോറികൾ ഓടിയതോടെ റോഡ് ഇടിഞ്ഞുതാഴ്ന്നെന്നും നാട്ടുകാർ പറഞ്ഞു.
കനാലിൽ നിന്നുള്ള വെള്ളം പുറത്തേക്ക് ഒഴുകാനും ഇത് കാരണമാകുന്നുണ്ട്. കാഡ കനാലുകൾ അടഞ്ഞുപോയി. സമീപത്തെ വീടുകളിലെ കുടിവെള്ള കിണറുകളിലേക്കും വെള്ളം ഒഴുകുന്നുണ്ട്.
ഏറെക്കാലമായി തകർന്നുകിടക്കുന്ന റോഡ് മഴക്കാലത്തിന് മുന്പേ സഞ്ചാരയോഗ്യമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. ഫണ്ട് അനുവദിച്ചതായി പ്രഖ്യാപനവും വന്നു. എന്നാൽ പണികളൊന്നും നടന്നില്ല.