വ്യാജ ജൈവവളം നല്കി കർഷകരെ വഞ്ചിക്കുന്നതായി പരാതി
1424794
Saturday, May 25, 2024 5:11 AM IST
കൂത്താട്ടുകുളം : സർക്കാർ ഫാമിലെ ആട്ടിൻകാഷ്ഠ വളമാണെന്ന പേരിൽ വ്യാജ ജൈവവളം ഇറക്കി കർഷകരെ വഞ്ചിക്കുകയും നാട്ടുകാരെ ബുദ്ധിമുട്ടിലാക്കുന്നതായും പരാതി. ഇന്നലെ രാവിലെ എട്ടിന് ആട്ടിൻകാഷ്ഠ വളമെന്ന പേരിൽ മാലിന്യം നിറച്ച ഇരുന്നൂറിലധികം ചാക്കുകളുമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ലോറിയെത്തി.
സൗത്ത് റസിഡന്റ്സ് അസോസിയേഷൻ പ്രദേശത്ത് ചാക്കിൽ നിറച്ച മാലിന്യം അട്ടിയിട്ട് വച്ചു. നാട്ടുകാർ നഗരസഭ അധികൃതരെയും പോലീസിനെയും വിവരമറിയിച്ചു. നഗരസഭ ആരോഗ്യ വിഭാഗം സ്ഥലത്തെത്തി പരിശോധന നടത്തി. ദുർഗന്ധം വമിക്കുന്ന ചാക്കുകൾ മാറ്റാൻ അധികൃതർ നിർദേശിച്ചു. ചാക്കുകളിൽ നിയമപ്രകാരമുള്ള ലേബലുകളോ, ബില്ലും രേഖകളുമില്ലെന്നും നാട്ടുകാർ പരാതിപ്പെട്ടു.
ഇറക്കിയ വളം കൃഷിയാവശ്യത്തിനാണെന്നും രേഖകളും ബില്ലും വേണ്ടെന്നുമാണ് ലോഡുമായെത്തിയ ഏജൻസിക്കാരുടെ വാദം. കിലോയ്ക്ക് മൂന്ന് രൂപ പ്രകാരമാണ് ഇവർ വളം നൽകുന്നത്. ഒരു കിലോ, രണ്ട് കിലോ പായ്ക്കറ്റുകളിലാക്കിയും നൽകുന്നുണ്ട്. വളത്തിന്റെ ഗുണമേൻമ കർഷകർ ഉറപ്പുവരുത്തണമെന്ന് നഗരസഭാധികൃതർ പറഞ്ഞു.
പരിസര മലിനീകരണത്തിനിടയാക്കുന്ന മാലിന്യമടങ്ങിയ രേഖകളില്ലാതെ സാധനങ്ങൾ കൃഷി സ്ഥലങ്ങളിൽ ഇറക്കി സൂക്ഷിക്കുന്നത് ഒഴിവാക്കണം. ജലജന്യ രോഗങ്ങൾ പടരുവാൻ ഇടയാക്കുന്നതിനാൽ ദുർഗന്ധം വമിക്കുന്ന വളം വീട്ടുപരിസരത്ത് സൂക്ഷിക്കരുതെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.