ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചു
1424385
Thursday, May 23, 2024 4:48 AM IST
കൂത്താട്ടുകുളം : നഗരത്തിലെ ഹോട്ടലുകളിലും ബേക്കറി ബോർമ്മകളിലും നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. ഇന്നലെ രാവിലെ ആറിന് ആരംഭിച്ച പരിശോധനയിൽ നിരവധി സ്ഥാപനങ്ങൾ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്നതായി കണ്ടെത്തി. ഇതോടൊപ്പം പഴകിയ ഭക്ഷണ വസ്തുക്കളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.
10 സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനകളിൽ ഹോട്ടൽ ബ്രീസ്, പാർക്ക് റെസിഡൻസി, ബെക്ക്ലാവ ബോർമ്മ, അൽ താജ് എന്നി സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചെടുത്തത്. പിടിച്ചെടുത്ത പഴകിയ ഭക്ഷണം നഗരസഭ കാര്യാലയത്തിന് മുന്നിൽഉദ്യോഗസ്ഥർ പ്രദർശിപ്പിച്ചു.
മഴക്കാലം വരുന്ന സാഹചര്യത്തിൽ രോഗങ്ങൾ പടരാതിരിക്കാനുള്ള മുൻകരുതലുകളുടെ ഭാഗമായാണ് ഹോട്ടലുകളിൽ പരിശോധന നടന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ ഉണ്ടാകുമെന്നും. തെറ്റ് വീണ്ടും ആവർത്തിക്കുന്നവർക്കുമേൽ ഗുരുതരമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ വി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ ജൂണിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ വി. അനീഷ് ദേവ്, പി.എം.ആസിഫ്, അജേഷ് പി. ജോണ്, നഗരസഭ ജീവനക്കാരായ ജോമിറ്റ് ജോസ്, പി.പി.അഭിജിത്ത്എന്നിവർ അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.
ഫോട്ടോ: കൂത്താട്ടുകുളം നഗരത്തിലെ ഹോട്ടലുകളിലും ബേക്കറികളിലും നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തുന്നു.