കൊട്ടിക്കലാശത്തിനിടെ എൽഡിഎഫ്-യുഡിഎഫ് സംഘർഷം
1418723
Thursday, April 25, 2024 4:02 AM IST
ചെറായി: ചെറായി ദേവസ്വം നടയിലെ കൊട്ടിക്കലാശത്തിനിടെ എൽഡിഎഫും, യുഡിഎഫും തമ്മിൽ സംഘട്ടനം. കോൺഗ്രസ് പള്ളിപുറം ബ്ലോക്ക് സെക്രട്ടറിയും മുൻ പഞ്ചായത്തംഗവുമായ ചെറായി സ്വദേശി ടി.പി. ശിവദാസ് (56), മക്കളായ ശബരിനാഥ് (25), സച്ചിദേവ് (23) എന്നിവർക്ക് പരിക്കേറ്റു.
സമാധാനപരമായി നടന്നുവന്ന കൊട്ടിക്കലാശത്തിനിടെ സിപിഎം, ഡിവൈഎഫ്ഐ പ്രവർത്തകർ പ്രകോപനമുണ്ടാക്കുകയും വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നെന്ന് ഡിസിസി സെക്രട്ടറി എം.ജെ. ടോമി ആരോപിച്ചു. മൂവരെയും കുഴുപ്പിള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോൺഗ്രസ് ഓഫീസിന് മുകളിൽ കയറിനിന്ന് സിപിഎം പ്രവർത്തകൻ ചുവപ്പ് കൊടി വീശിയതിനെ തുടർന്നുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്ന് പറയപ്പെടുന്നു. ഇതിനു മുമ്പായി വാഹനങ്ങൾ തിരിച്ചുവിടുന്നത് സംബന്ധിച്ചും സിപിഎം - കോൺഗ്രസ് പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
വൈകുന്നേരം നാലോടെതന്നെ യുഡിഎഫും എൽഡിഎഫും എൻഡിഎയും കൊടിതോരണങ്ങളും വാദ്യമേളങ്ങളുമൊക്കെയായി ദേവസ്വം നടയിൽ കൊട്ടിക്കലാശത്തിന് എത്തിയിരുന്നു. നിയന്ത്രിക്കാൻ നാമമാത്രമായ പോലീസ് മാത്ര മാണുണ്ടായിരുന്നത്.