ആരക്കുഴയിലും പാലക്കുഴയിലും ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുന്നു
1417125
Thursday, April 18, 2024 4:52 AM IST
പാലക്കുഴ: ആരക്കുഴ, പാലക്കുഴ പഞ്ചായത്തുകളിലെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകുന്നു. 36.61 കോടി മുടക്കി നടക്കുന്ന പണി പൂർത്തിയാകുന്നതോടെ ആരക്കുഴയിലും പാലക്കുഴയിലും ജലക്ഷാമം പഴങ്കഥയാകും. ഇതോടെ 3243 കുടുബങ്ങളിൽ കൂടി കുടിവെള്ളം നൽകാനാകും.
ആരക്കുഴ, പാലക്കുഴ സമഗ്ര കുടിവെള്ള പദ്ധതിക്കായി നബാർഡ് സഹായം ഉൾപ്പെടെ 13.50 കോടി ചെലവിട്ടാണ് ഒന്നാം ഘട്ടം പൂർത്തിയാക്കിയത്. ഇതിന്റെ ഉദ്ഘാടനം കഴിഞ്ഞ വർഷം മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. രണ്ടു പഞ്ചായത്തുകളിലായി 4870 കുടിവെള്ള കണക്ഷനുകളുണ്ട്.
പാലക്കുഴ അമ്പാട്ടുകണ്ടം പുളിക്കമാലി റോഡിൽ ചെറുമലക്കുന്ന് ഇടുങ്ങിനാം പാറയിൽ 22 ലക്ഷം ലിറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റേയും വിതരണ കുഴലുകളുടേയും വിന്യാസം പൂർത്തിയായി.
തൊടുപുഴയാറ്റിൽ ആരക്കുഴ മൂഴിയിലെ ആറ് മീറ്റർ വ്യാസമുള്ള കിണറ്റിൽ നിന്ന് പണ്ടപ്പിള്ളിക്കു സമീപം കൊന്നാനിക്കാട്ടുള്ള ജലശുദ്ധീകരണ കേന്ദ്രത്തിലേക്ക് പമ്പ് ചെയ്യാൻ, 50 എച്ച്പി പമ്പ് സെറ്റും 2550 മീറ്റർ ലൈനും സ്ഥാപിച്ചിട്ടുണ്ട്. ശുദ്ധീകരണ ടാങ്കിന് പ്രതിദിനം 55 ലക്ഷം ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ ശേഷിയുണ്ട്.
ഇവിടെ നിന്ന് ആരക്കുഴയിലെ കൊന്നാനിക്കാട് കുമ്പളത്തുമല, ആച്ചക്കോട്ടുമല, പ്രദേശങ്ങളിൽ പണിപൂർത്തിയാക്കിയ സംഭരണികളിലേയ്ക്ക് വെള്ളം എത്തിച്ചാണ് ആരക്കുഴ പഞ്ചായത്തിൽ വെള്ളം എത്തിക്കുന്നത്.
പാലക്കുഴയിലെ വിതരണത്തിനുള്ള ജലം കൊന്നാനിക്കാട്ട് നിന്ന് 1575 മീറ്റർ പൈപ്പ് ലൈൻ വഴി പണ്ടപ്പിള്ളിയിലെ സംഭരണിയിൽ ശേഖരിയ്ക്കും. അവിടെ നിന്ന് ജലം പമ്പ് ചെയ്ത് പാലക്കുഴയിലെ വിവിധ പ്രദേശങ്ങളിൽ എത്തിക്കും.
എലച്ചിക്കുന്ന്, ഇല്ലിക്കുന്ന്, പാലാനിക്കുംതടം എന്നീ സംഭരണികളിലേയ്ക്ക് 7260 മീറ്റർ നീളത്തിൽ പമ്പിംഗ് ലൈനുകളും സ്ഥാപിച്ചിട്ടുണ്ട്. പള്ളിക്കുന്നിലെ ജലസംഭരണിയും മറ്റു പണികളും പദ്ധതിയുടെ രണ്ടാംഘട്ടത്തിലുണ്ട്. അടുത്ത 30 വർഷത്തെ ജനസംഖ്യാ വർധന കണക്കാക്കി രണ്ട് പഞ്ചായത്തുകളിലേയും 35884 പേർക്ക് പ്രതിദിനം 100 ലിറ്റർ ശുദ്ധജലം നൽകാനുള്ള ശേഷിയുണ്ട്.