ദിവസങ്ങളായി കുടിവെള്ളം പാഴാകുന്നു : പൊട്ടിയ പൈപ്പ് നന്നാക്കാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസികൾ
1416902
Wednesday, April 17, 2024 4:29 AM IST
മൂവാറ്റുപുഴ: പൈപ്പ്പൊട്ടി കുടിവെള്ളം പാഴാകാൻ തുടങ്ങിയിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും അധികാരികൾ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം സംഘടിപ്പിച്ച് പ്രദേശവാസികൾ. മൂവാറ്റുപുഴ ഹോസ്റ്റൽ പടിയിൽ നെസ്റ്റ് റോഡിലാണ് നാലു ദിവസമായി പൈപ്പ് പൊട്ടി കുടിവെള്ളം പാഴാകുന്നത്.
പ്രധാന ടാങ്കിൽനിന്ന് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്ന പൈപ്പുകൾ തകർന്നതോടെ ദിവസങ്ങളായി റോഡിലൂടെ വെള്ളം ഒഴുകുകയാണ്. ലക്ഷക്കണക്കിന് ലിറ്റർ കുടിവെള്ളമാണ് പാഴാകുന്നത്. കിഴക്കേക്കര, നെല്ലിപ്പിള്ളി പ്രദേശങ്ങളിലും ആവോലി പഞ്ചായത്തിലെ വിവിധ വാർഡുകളിലേക്കും വെള്ളം എത്തിക്കുന്നത് നെസ്റ്റിൽ സ്ഥാപിച്ചിരിക്കുന്ന പ്രധാന ടാങ്കിൽ നിന്നുമാണ്.
പഞ്ചായത്തംഗം രാജേഷ് പൊന്നുംപുരയിടത്തിന്റെ നേതൃത്വത്തിൽ ജല അഥോറിറ്റി ജീവനക്കാർക്ക് രേഖാമൂലം പരാതി നൽകിയിട്ടും ഇതുവരെ നടപടി സ്വീകരിക്കാതെ വന്നതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. റസിഡൻസ് അസോസിയേഷന്റെ സഹകരണത്തോടെയാണ് പ്രദേശവാസികൾ പ്രതിഷേധം സംഘടിപ്പിച്ചത്.
നിർമല നഗർ റസിഡൻസ് അസോസിയേഷൻ അംഗങ്ങളായ ഡൊമിനിക്, നിർമല വാലി അസോസിയേഷൻ അംഗം ശാന്ത കുന്നുകുടി, പ്രദേശവാസികളായ സോഫി ബെന്നി, ഷെറിമോൻ ചാലക്കര, സ്റ്റാൻലി പ്ലാക്കൽ, രാജു ആന്റണി തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.