വടം കഴുത്തില്‍ കുരുങ്ങി യുവാവ് മരിച്ച സംഭവം: റോഡിന് കുറുകെ കയര്‍ കെട്ടരുതെന്ന ഉത്തരവ് പാലിച്ചില്ലെന്ന്
1416893
Wednesday, April 17, 2024 4:17 AM IST
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരള സന്ദര്‍ശനത്തിന് കൊച്ചിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി എസ്എ റോഡിന് കുറുകെ കെട്ടിയ വടം കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികനായ യുവാവ് മരിച്ച സംഭവത്തില്‍ പോലീസിന് രൂക്ഷ വിമര്‍ശനം. റോഡില്‍ കയര്‍ കെട്ടിയുള്ള ഗതാഗത നിയന്ത്രണം പാടില്ലെന്ന ഡിജിപിയുടെ ഉത്തരവ് പോലീസ് പാലിച്ചില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്.
2018 ലായിരുന്നു അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ റോഡിന് കുറുകെ കയര്‍ കെട്ടരുതെന്ന് നിര്‍ദ്ദേശിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശ പ്രകാരമായിരുന്നു നടപടി.
2012 മേയില്‍ നിയമസഭ സമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ ഇരുചക്രവാഹനത്തില്‍ പോയ മാധ്യമപ്രവര്ത്തകന് റോഡിനു കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്നാണ് മനുഷ്യാവകാശ കമ്മീഷന് സ്വമേധയാ കേസെടുത്തതും വേണ്ട മാര്‍ഗനിര്‍ദേശം നല്കാന് ഡിജിപിയോട് ആവശ്യപ്പെടുകയും ചെയ്തത്. ഗതാഗതം തിരിച്ചുവിടുന്ന സ്ഥലത്തിനു വളരെ മുമ്പേ അക്കാര്യം അറിയിച്ചു ബോര്‍ഡ് വയ്ക്കണമെന്നാണ് ഡിജിപിയുടെ ഉത്തരവിലുള്ളത്.
ബാരിക്കേഡും അതിലെ റിഫ്ലക്ടറും ദൂരെ നിന്നുതന്നെ കാണാവുന്ന വിധത്തിലായിരിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. എന്നാല്‍ ഇത് കൊച്ചിയില്‍ പാലിക്കപ്പെട്ടില്ല എന്ന ആക്ഷേപമാണ് സംഭവത്തിൽ മരിച്ച കൊച്ചി കോര്‍പറേഷനിലെ താത്കാലിക ശുചീകരണ തൊഴിലാളി മനോജ് ഉണ്ണി(28)യുടെ ബന്ധുക്കള്‍ ഉന്നയിക്കുന്നത്.
അതേസമയം സംഭവത്തില്‍ പോലീസിന് വീഴ്ച വന്നിട്ടില്ലെന്നാണ് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാംസുന്ദറിന്റെ വാദം. അടുത്ത് ആശുപത്രിയുള്ളതിനാല്‍ ഈ ഭാഗത്ത് ബാരിക്കേഡ് വയ്ക്കാനാകില്ല. വിവിഐപി സുരക്ഷാ പ്രോട്ടോകോളിന്റെ ഭാഗമായാണ് വടം കെട്ടിയതെന്നും സിറ്റി പോലീസ് കമ്മീഷണര്‍ പറഞ്ഞു.
യുവാവിന്റെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തി
അതേസമയം മനോജിന്റെ സുഹൃത്തുക്കളുടെ മൊഴി എറണാകുളം സൗത്ത് പോലീസ് രേഖപ്പെടുത്തി. പനമ്പിള്ളിനഗര്‍ സ്വദേശികളായ നാലുപേരുടെ മൊഴിയാണ് പോലീസ് രേഖപ്പെടുത്തിയത്.
ഇവര്‍ക്കൊപ്പം വിഷു ആഘോഷിക്കാനെത്തിയ യുവാവ് മദ്യപിച്ചിരുന്നുവെന്നാണ് സുഹൃത്തുക്കളുടെ മൊഴി. രക്ത സാമ്പിളുകളുടെ ശാസ്ത്രീയ പരിശോധനാ ഫലത്തിലും മദ്യപിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.