ഊഷ്മള സ്വീകരണങ്ങളേറ്റ് ഹൈബി
1416297
Sunday, April 14, 2024 4:41 AM IST
കൊച്ചി: ഏലൂര്‍ മുന്‍സിപ്പല്‍ പ്രദേശത്തായിരുന്നു യുഡിഎഫ് സ്ഥാനാര്‍ഥി ഹൈബി ഈഡന്റെ വാഹന പര്യടനം. തുറന്ന വാഹനത്തില്‍ കടന്നുവന്ന സ്ഥാനാര്‍ഥിയെ സ്പൈനല്‍ മസ്കുലാര്‍ അട്രോഫി ബാധിച്ച അല്‍മിറ അഷ്റഫും അല്‍ഫായിസ് അഷ്റഫും ഹൃദ്യമായി സ്വീകരിച്ചു.
ഇരുവരെയും കണ്ട ഹൈബി വാഹനത്തില്‍ നിന്നിറങ്ങി ഇരുവരെയും ചേര്‍ത്തുപിടിച്ചു. ഇവര്‍ക്കായി രണ്ട് ബൈപാത് മെഷീന് സ്ഥിരമായി ഏര്‍പ്പെടുത്തിയത് ഹൈബി ഈഡനായിരുന്നു. ഇവര്‍ക്ക് സ്കൂളില്‍ പോകുന്നതിനായി വീല്‍ചെയര്‍ അടക്കമുള്ള എല്ലാ സഹായവും ചെയ്തതും ഹൈബിയാണ്. അന്ന് മുതല്‍ തുടങ്ങിയ ആത്മബന്ധമാണ് ഇരുവര്‍ക്കും ഹൈബി ഈഡനുമായി ഉള്ളത്.
ഏലൂര്‍, കളമശേരി ഭാഗത്തായിരുന്നു ഇന്നലെ ഹൈബി ഈഡന് പര്യടനം നടത്തിയത്. രാവിലെ പാതാളം കവലയില്‍ നിന്നാണ് പര്യടനം ആരംഭിച്ചത്. ഉച്ചയ്ക്ക് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിനു സമീപം പര്യടനം അവസാനിച്ചു. വൈകിട്ട് കളമശേരി മേഖലയിലെ പര്യടനം മുട്ടാറില്‍ നിന്നാരംഭിച്ചു.
കനത്ത ചൂടിനെ വകവയ്ക്കാതെ നൂറുകണക്കിനാളുകളാണ് ഹൈബി ഈഡനെ സ്വീകരിക്കാനെത്തിയത്. അന്‍പതോളം കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം എച്ച്എംടി കോളനിയിലാണ് ഇന്നലത്തെ പര്യടനം സമാപിച്ചത്.