സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ച് യുവാവിന് ഗുരുതര പരിക്ക്
1415951
Friday, April 12, 2024 4:47 AM IST
മൂവാറ്റുപുഴ: തൃക്കളത്തൂർ പള്ളിച്ചിറങ്ങരയിൽ സ്കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ഗുരുതര പരിക്ക്. എംസി റോഡിൽ ഇന്നലെ വൈകുന്നേരം 4.30ഓടെയാണ് അപകടമുണ്ടായത്. മൂവാറ്റുപുഴ ഭാഗത്തുനിന്നും പെരുന്പാവൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ട്രാവലർ തൃക്കളത്തൂരിൽനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന സ്കൂട്ടർ യാത്രക്കാരനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
അപകടത്തിൽ പേഴയ്ക്കാപ്പിള്ളി കുന്നുമ്മേക്കുടി ഹാരിസിന്റെ മകൻ അമീറിന് ഗുരുതര പരിക്കേറ്റു. പരിക്കേറ്റ അമീറിനെ പേഴയ്ക്കാപ്പിള്ളി സബൈൻ ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ട്രാവലർ റോഡിലേക്ക് മറിഞ്ഞു. സ്കൂട്ടർ പൂർണമായും തകർന്നു.
കോട്ടയത്തുനിന്നും തൃപ്രയാറിലേക്ക് പോകുകയായിരുന്ന കോട്ടയം സ്വദേശികളായ എട്ടുപേരാണ് അപകട സമയം ട്രാവലറിൽ ഉണ്ടായിരുന്നത്. ഇവർ പരിക്കുകളോടെ രക്ഷപ്പെട്ടു. എംസി റോഡ് തൃക്കളത്തൂർ പള്ളിച്ചിറങ്ങരയിൽ അപകടങ്ങൾ തുടർക്കഥയാണെന്നും തുടർച്ചയായി അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
അപകടത്തെതുടർന്ന് എംസി റോഡിൽ ഗതാഗതം തടസപ്പെട്ടെങ്കിലും മൂവാറ്റുപുഴ അഗ്നിരക്ഷാസേനയെത്തി ഗതാഗതം പുനസ്ഥാപിച്ചു.