അവധിക്കാലം ആഘോഷമാക്കി പെരിയാറിൽ മണൽ വാരൽ തകൃതി
1415938
Friday, April 12, 2024 4:34 AM IST
ആലുവ: അവധിക്കാലങ്ങൾ പെരിയാറിൽ ’ആഘോഷ’മാക്കി മണലൂറ്റ് സംഘം വ്യാപകമായി.
ശിവരാത്രി മണപ്പുറത്തെ ആഘോഷങ്ങൾ അവസാനിക്കാറായതോടെയാണ് പെരിയാർ മണലിനായി ’വേട്ട’ പുനരാരംഭിച്ചത്. ഈസ്റ്റർ അവധിക്കാലത്ത് ആരംഭിച്ച മണൽവാരൽ നിർബാധം തുടരുകയാണ്.
ഒരു ലോഡിന് 5000 മുതൽ ഒരു ലക്ഷം രൂപവരെ മോഹവിലയുള്ളതിനാൽ റവന്യൂ, പോലീസ് വകുപ്പുകൾക്ക് വേണ്ടത് കൊടുത്തശേഷമാണ് പുലർച്ചെ മുതൽ വഞ്ചിയിലെത്തി മണൽ വാരുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.
വാരുന്നതിന്റെ ചിത്രങ്ങൾ അടക്കം പോലീസിന് നൽകിയാലും നടപടിയില്ല. മണപ്പുറത്ത് സന്ദർശകർ ഉണ്ടാകും. അതിനാൽ മോട്ടോർ അഴിച്ചു വച്ചശേഷമാണ് വഞ്ചികൾ ’മുങ്ങൽ വിദഗ്ധരു ’മായി എത്തുന്നത്. അതിഥി തൊഴിലാളികളാണ് ഇപ്പോൾ ഭൂരിഭാഗം ജോലിയും ചെയ്യുന്നത്. അഥവാ പോലീസ് പിടിച്ചാലും ഫോട്ടോയിൽ മുഖം വ്യക്തമായാലും വെറുതെ വിടും.
രണ്ടോ മൂന്നോ ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇതേസംഘം മണൽ വാരാൻ എത്തും. ഇതര സംസ്ഥാന തൊഴിലാളികളെ ദിവസ വേതനത്തിനാണ് മണൽ വാരാൻ ഉപയോഗിക്കുന്നത്.
അതിനാൽ ഒരു ദിവസം പോലീസ് കസ്റ്റഡിയിലായാലും പണിക്കൂലി മാഫിയ സംഘം നൽകും.
ആലുവ ജല ശുദ്ധീകരണശാലയ്ക്കായി വെള്ളം എടുക്കുന്ന മേഖലയിലും മണൽ വാരുകയാണ്. പെരിയാറിൽ ജലനിരപ്പ് കുറയുന്ന ഈ സമയത്ത് മണൽ വാരുന്പോൾ കുഴികൾ രൂപപ്പെടും. ഇവിടെ ചെളി നിറഞ്ഞാൽ കുടിവെള്ള വിതരണത്തെ ബാധിക്കും.
ഏലൂർ മേത്താനം ഭാഗത്ത് ജലനിരപ്പ് കുത്തനെ താഴ്ന്ന് മണൽത്തട്ടുകൾ ഉയർന്നു വന്നിട്ടുണ്ട്.
മാർത്താണ്ഡവർമ പാലം, മണപ്പുറം നടപ്പാലം, റെയിൽവേ പാലം, കടുങ്ങല്ലൂർ, വെളിയത്തുനാട്, ഉളിയന്നൂർ പാലം, പരുന്തുറാഞ്ചി മണപ്പുറം എന്നിവിടങ്ങളിലും മണൽ വാരൽ ശക്തമാണ്. പരുന്തുറാഞ്ചി മണപ്പുറം എന്നറിയപ്പെടുന്ന കുട്ടി ദ്വീപ് നാലിലൊന്നായി ചുരുങ്ങി.
വാരുന്ന മണൽ ഉളിയന്നൂർ, പുളിഞ്ചോട് മേഖലകളിലെത്തിച്ച് ലോറിയിലേക്ക് മാറ്റുന്നു. കൊല്ലം കരുനാഗപ്പള്ളി, ആലപ്പുഴ എന്നിവിടങ്ങളിലേക്കാണ് ലോറികൾ പോകുന്നത്. മണൽ വാരൽ തടയാൻ ബോട്ട് ഇല്ലെന്നാണ് പോലീസിന്റെ വിശദീകരണം.
തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ കാരണം പട്രോളിംഗ് നടത്താൻ സേനാംഗങ്ങളുടെ കുറവെന്നും പറയുന്നുണ്ട്. നേരത്തേ രണ്ട് ഫൈബർ ബോട്ടുകൾ ഉണ്ടായിരുന്നെങ്കിലും സ്രാങ്കില്ലാത്തതിനാൽ വെറുതേ കിടന്ന് നശിച്ചു. നിയമനം ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെങ്കിലും നടന്നില്ല.
പോലീസ്, റവന്യൂ വിഭാഗം റെയ്ഡുകൾ ചോർത്തി നൽകാൻ ആൾ ഉള്ളതിനാൽ റെയ്ഡുകളും വിജയം കാണാറില്ല. കഴിഞ്ഞ വർഷം ഒറ്റുകാരെ മറ്റ് പോലീസ് സ്റ്റേഷനുകളിലേക്ക് അന്നത്തെ ജില്ലാ പോലീസ് മേധാവി സ്ഥലം മാറ്റിയെങ്കിലും ഫലമില്ലെന്നാണ് പുതിയ സംഭവ വികാസങ്ങൾ തെളിയിക്കുന്നത്.