ബൈക്കിലെത്തി മാല മോഷ്ടിച്ച പ്രതി പിടിയിൽ
1415935
Friday, April 12, 2024 4:20 AM IST
ഉദയംപേരൂർ: മോട്ടോർ സൈക്കിളിലെത്തി സ്ത്രീയുടെ മാല കവർന്ന പ്രതി പിടിയിലായി. എരൂർ കൊച്ചേരിൽ വീട്ടിൽ സുജിത് മനോഹരൻ (41) ആണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ അഞ്ചിന് രാവിലെ 6.30ഓടെ വലിയകുളം കെ.പി. ചാക്കോ റോഡിലൂടെ പ്രഭാത സവാരി നടത്തുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ കിടന്ന രണ്ടു പവൻ തൂക്കം വരുന്ന സ്വർണമാല പ്രതി പൊട്ടിച്ചെടുക്കുകയായിരുന്നു.
ആരുടെയോ വീട് അന്വേഷിക്കാനെന്ന വ്യാജേന സ്ത്രീയുടെ സമീപം മോട്ടോർസൈക്കിൾ നിർത്തി, മാല കവർന്ന പ്രതിയെ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്തിയത്. കോട്ടയം റെയിൽവേ സ്റ്റേഷനിൽ പാർക്ക് ചെയ്തിരുന്ന മോട്ടോർസൈക്കിൾ മോഷ്ടിച്ചെടുത്താണ് പ്രതി മാല മോഷണത്തിന് ഉപയോഗിച്ചത്.
ബൈക്ക് ചമ്പക്കര പാലത്തിന്റെ അടിവശത്തുനിന്ന് കണ്ടെടുത്തു. കവർന്നെടുത്ത സ്വർണമാല പുത്തൻകുരിശിലുള്ള ഒരു ജ്വല്ലറിയിൽ നിന്നും വീണ്ടെടുത്തു. ബൈക്ക് മോഷണത്തിന് കോട്ടയം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ കേസുണ്ട്.
പ്രതി വർഷങ്ങൾക്ക് മുന്നേ തൃപ്പൂണിത്തുറയിൽ നിന്ന് താമസം മാറി തിരുവനന്തപുരം ഭാഗത്താണ് താമസമെന്നും ഇയാൾക്കെതിരെ കേരളത്തിലങ്ങോളമിങ്ങോളം നിരവധി സമാന കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഉദയംപേരൂർ എസ്എച്ച്ഒ ജി. മനോജ്, എസ്ഐ പി.സി. ഹരികൃഷ്ണൻ, സീനിയർ സിപിഒ ശ്യാം ആർ. മേനോൻ, സിപിഒ ഗുജറാൾ സി.ദാസ്, സ്പെഷൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ സിപിഒ സുബിൻദാസ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.