നേതാക്കളെ നേരിൽകണ്ടും ഫോണിൽ വിളിച്ചും ഡീൻ
1415718
Thursday, April 11, 2024 4:32 AM IST
മൂവാറ്റുപുഴ: ചെറിയ പെരുന്നാൾ പ്രമാണിച്ചു സ്ഥാനാർഥി പര്യടനത്തിന് അവധി നൽകിയെങ്കിലും ഇടുക്കി ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഡീൻ കുര്യാക്കോസിന് ഇന്നലെ തിരക്കേറിയ ദിനം തന്നെയായിരുന്നു. പ്രധാനമായും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ അവലോകനത്തിനാണ് ഇന്നലെ ഡീൻ കുര്യാക്കോസ് സമയം വിനിയോഗിച്ചത്. നേതാക്കളെ നേരിൽകണ്ടും ഫോണിൽ വിളിച്ചു സംസാരിച്ചുമായിരുന്നു തുടർ പ്രവർത്തനങ്ങൾ ചർച്ച ചെയ്തത്.
പരമാവധി വ്യക്തികളെ ഫോണിൽ വിളിച്ചു വോട്ട് തേടുന്നതിനും ഡീൻ ഇന്നലെ സമയം കണ്ടെത്തി. സുഹൃത്തുക്കളെ സന്ദർശിച്ചു പിന്തുണ ഉറപ്പാക്കി. കല്യാണ വീടുകൾ സന്ദർശിച്ചു വധു വരന്മാർക്ക് ആശംസകൾ നേർന്നു. തുടർന്ന് മരണ വീടുകളിലെത്തി അനുശോചനം അറിയിച്ചു. ഇന്ന് പീരുമേട് മണ്ഡലത്തിലെ കൊക്കയാർ, പെരുവന്താനം, ഏലപ്പാറ, ഉപ്പുതറ, അയ്യപ്പൻ കോവിൽ പഞ്ചായത്തുകളിൽ ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തും. രാവിലെ താഴത്തങ്ങാടിയിൽനിന്ന് ആരംഭിക്കുന്ന പര്യടനം വൈകുന്നേരം മാട്ടുക്കട്ടയിൽ സമാപിക്കും.
ഡീൻ കുര്യക്കോസിന്റെ മൂവാറ്റുപുഴ - കോതമംഗലം നിയോജക മണ്ഡലം സംയുക്ത തെരഞ്ഞെടുപ്പ് കണ്വൻഷൻ കെപിസിസി സെക്രട്ടറി കെ.എം. സലിം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡന്റ് എൻ.കെ. അനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എ.സി. ചന്ദ്രൻ, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സാബു ജോണ്, കെ.ജി. രാധാകൃഷ്ണൻ, പായിപ്ര കൃഷ്ണൻ, ടി.എ. കഷ്ണൻകുട്ടി, കെ.എ, എ.ടി. സഹദേവൻ, ലൈജു, ശശി കുഞ്ഞുമോൻ, എം.എം. അജി, പി.കെ. മനോജ് എന്നിവർ പ്രസംഗിച്ചു.
കേരള സ്റ്റോറി തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടണം: സംഗീതാ വിശ്വനാഥൻ
മൂവാറ്റുപുഴ: കേരള സ്റ്റോറി സിനിമയുടെ പ്രമേയം തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന് ഇടുക്കി ലോക്സഭാ മണ്ഡലം എൻഡിഎ സ്ഥാനാർഥി സംഗീതാ വിശ്വനാഥൻ. ലൗ ജിഹാദും നാർക്കോട്ടിക് ജിഹാദും യാഥാർഥ്യമാണ്. ഇത്തരം വിപത്തുകൾ സമൂഹത്തിൽനിന്ന് പിഴുതെറിയേണ്ടത് ആവശ്യമാണ്. കേരള സ്റ്റോറി മുസ്ലീങ്ങൾക്ക് എതിരെയാണ് എന്ന ധാരണ പരത്തുന്നത് തെറ്റാണെന്നും സംഗീതാ വിശ്വനാഥൻ പറഞ്ഞു.
പീരുമേട് നിയോജക മണ്ഡലത്തിലെ പര്യടനം വാഗമണ്ണിൽ നിന്നുമാണ് ആരംഭിച്ചത്. ബിജെപി ജില്ലാ ഉപാധ്യക്ഷൻ കെ. കുമാർ ഉദ്ഘാടനം ചെയ്തു. ഏലപ്പാറ, ഉപ്പുതറ അയ്യപ്പൻകോവിൽ, പെരുവന്താനം എന്നീ പഞ്ചായത്തുകളിലാണ് പര്യടനം നടത്തിയത്. ഏലപ്പാറയിലെയും ഉപ്പുതറയിലെയും തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൾ സ്ഥാനാർഥി ഉദ്ഘാടനം ചെയ്തു. പെരുവന്താനം പഞ്ചായത്തിലെ മൂഴിക്കൽ ട്രൈബൽ മേഖലയിലാണ് പര്യടനം അവസാനിച്ചത്. ഇന്ന് പീരുമേടാണ് തെരഞ്ഞെടുപ്പ് പര്യടനം സംഘടിപ്പിച്ചിരിക്കുന്നത്.
ആദിവാസിക്കുടികൾ സന്ദർശിച്ച് ജോയ്സ് ജോർജ്
മൂവാറ്റുപുഴ: എംപിയായിരിക്കെ മണ്ഡലത്തിലെ 216 ആദിവാസിക്കുടികളും നേരിട്ട് സന്ദർശിച്ച് ഗോത്രക്ഷേമ സദസ് സംഘടിപ്പിച്ച ഇടുക്കി ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ജോയ്സ് ജോർജ് ഇന്നലെ ഇടമലക്കുടിയിലെത്തി പിന്തുണ തേടി. രാവിലെ മൂന്നാറിൽ ടാറ്റാ ടീ ഫാക്ടറി തൊഴിലാളികളെ കണ്ട് വോട്ട് അഭ്യർഥിച്ച ശേഷം ഇടമലക്കുടിയിലേക്ക് പുറപ്പെട്ടു.
പെട്ടിമുടിയിലെത്തിയ സ്ഥാനാർഥി ദുരന്തത്തിൽ മരണപ്പെട്ടവരുടെ സ്മൃതി മണ്ഡപത്തിൽ സ്മരാണാഞ്ജലി അർപ്പിച്ച ശേഷം എടലിക്കുടിയിലെത്തി. ഊരുമൂപ്പൻ മുതിരപ്പൻ സ്ഥാനാർഥിയെ സ്വീകരിച്ചു. ഇടമലക്കുടിയിലെത്തിയ സ്ഥാനാർഥിയെ കാത്തുനിന്ന ഗോത്രജനത സ്നേഹവായ്പോടെ സ്വീകരിച്ചു. പരന്പരാഗത വേഷത്തിലും ആചാരങ്ങളാലുമാണ് സ്ഥാനാർഥിയെ വരവേറ്റത്. തുടർന്ന് ആണ്ടവൻകുടി, അന്പലപ്പടി, കണ്ടത്കുടി, സൊസൈറ്റികുടി എന്നീ കുടികളിലെത്തിയ സ്ഥാനാർഥി നേരിട്ട് വോട്ട് അഭ്യർഥിച്ചു.
ജോയ്സ് ജോർജിന്റെ മൂവാറ്റുപുഴ മണ്ഡലത്തിലെ പൊതുപര്യടനത്തിന് ഇന്ന് തുടക്കമാകും. രാവിലെ 7.30ന് പോത്താനിക്കാട് പഞ്ചായത്തിലെ പറന്പഞ്ചേരി പള്ളിത്താഴത്തുനിന്നും ആരംഭിക്കുന്ന പര്യടനം സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലീം കുമാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി പോത്താനിക്കാട് ടൗണിൽ സമാപിക്കും.
രാവിലെ 9.40ന് കല്ലൂർക്കാട് പഞ്ചായത്തിലെ വെള്ളാരംകല്ലിൽനിന്നു ആരംഭിക്കുന്ന പര്യടനം വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി കോട്ടക്കവലയിൽ സമാപിക്കും. ഉച്ചയ്ക്ക് 2.30ന് പാലക്കുഴ പഞ്ചായത്തിലെ ഇല്ലിക്കുന്നിൽ നിന്നും ആരംഭിക്കുന്ന പര്യടനം വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി വടക്കൻ പാലക്കുഴയിൽ സമാപിക്കും.
വൈകുന്നേരം നാലിന് ആരക്കുഴ പഞ്ചായത്തിലെ ആറൂരിൽനിന്നും ആരംഭിക്കുന്ന പര്യടനം വിവിധ സ്ഥലങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി മാളികപ്പീടികയിൽ സമാപിക്കും. വൈകുന്നേരം 5.55ന് ആവോലി പഞ്ചായത്തിലെ നടുക്കരയിൽ നിന്നും ആരംഭിക്കുന്ന പര്യടനം എലുവിച്ചിറകുന്നിൽ സമാപിക്കും.
6.35ന് മഞ്ഞള്ളൂർ പഞ്ചായത്തിലെ വാഴക്കുളത്ത് നിന്നും ആരംഭിക്കുന്ന പര്യടനം വിവിധ സ്ഥലങ്ങളിൽ പര്യടനം നടത്തി രാത്രി 8.10ന് അച്ചൻകവലയിൽ സമാപിക്കും. സമാപന സമ്മേളനം കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ ഉദ്ഘാടനം ചെയ്യും.