80 ലക്ഷം രൂപയുടെ തട്ടിപ്പ്: ഒളിവിലായിരുന്ന മുന്‍ കോണ്‍ഗ്രസ്-എസ് നേതാവും ഭര്‍ത്താവും അറസ്റ്റില്‍
1396299
Thursday, February 29, 2024 4:13 AM IST
കൊച്ചി: 80 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ കഴിഞ്ഞിരുന്ന മുന്‍ കോണ്‍ഗ്രസ്-എസ് നേതാവ് രമ്യ ഷിയാസും ഭര്‍ത്താവും അറസ്റ്റില്‍. ചൊവ്വാഴ്ച വൈകുന്നേരം കുമ്പളം ടോള്‍ പ്ലാസയില്‍ വച്ച് ചേരാനല്ലൂര്‍ പോലീസ് ഇന്‍സ്പെക്ടര്‍ ടി.എസ്. റെനീഷിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം ഇവരുടെ വാഹനം തടഞ്ഞു നിര്‍ത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ഹൈക്കോടതി ജാമ്യം നിഷേധിച്ചിട്ടും ഒളിവില്‍ കഴിയുകയായിരുന്നു ഇവര്‍. ചേരാനല്ലൂര്‍ പോലീസ് സ്റ്റേഷനില്‍ ഇവര്‍ക്കെതിരെ മൂന്നു കേസുകളാണ് നിലവിലുള്ളത്.
കഴിഞ്ഞ ജനുവരിയില്‍ 12പേരില്‍ നിന്നായി 80 ലക്ഷം രൂപ വാങ്ങി തട്ടിപ്പ് നടത്തിയ കേസിലാണ് അറസ്റ്റ്. 10 ലക്ഷം രൂപ മുതല്‍ 15 ലക്ഷം രൂപ വരെയാണ് പലരില്‍ നിന്നായി ഇവര്‍ തട്ടിയത്. മുഖ്യമന്ത്രിയുടെ കാറിനു മുന്നില്‍ നിന്നും ഫോട്ടോയെടുത്ത് മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്ന് അവകാശപ്പെട്ടായിരുന്നു രമ്യയുടെ തട്ടിപ്പ്.
കോയമ്പത്തൂരിലുള്ള തന്റെ തുണിക്കമ്പനിയില്‍ പണം നിക്ഷേപിച്ചാല്‍ ഇരട്ടി ലാഭം തിരിച്ച് നല്‍കാമെന്ന് ധരിപ്പിച്ചാണ് രമ്യ ഷിയാസ് നാട്ടുകാരില്‍ നിന്ന് പണം തട്ടിയത്. പണം നിക്ഷേപിച്ചവര്‍ പലരും തൊഴിലുറപ്പ് തൊഴിലാളികളും മറ്റ് കൂലിപ്പണിക്കാരുമാണ്. സ്വര്‍ണാഭരണങ്ങള്‍ വിറ്റും, കുടുംബശ്രീ ലോണ്‍ എടുത്തുമാണ് പലരും പണം നല്‍കിയത്. ആദ്യ മാസങ്ങളില്‍ ചിലര്‍ക്ക് നേരിയ ലാഭവും നല്കി. ഇതോടെ വിശ്വാസം കൂടുകയും തട്ടിപ്പ് വളരുകയുമായിരുന്നു.
കഴിഞ്ഞ ഏതാനും മാസമായി പണം നല്കിയ നിക്ഷേപകര്‍ക്ക് രമ്യ വാഗ്ദാനം ചെയ്ത പണം ഒന്നും ലഭിക്കുന്നില്ല. ഇതോടെയാണ് തട്ടിപ്പ് തിരിച്ചറിയുന്നത്. തട്ടിപ്പിനെക്കുറിച്ച് സോഷ്യല്‍ മീഡിയവഴി പ്രചാരണം നടത്തിയ പ്രവീണ്‍ എന്നയാളെ രമ്യയും ഭര്‍ത്താവും വീടു കയറി ആക്രമിക്കുകയും ചെയ്തിരുന്നു. കോണ്‍ഗ്രസ്-എസ് യുവജന സംഘടനയുടെ ജില്ല വൈസ് പ്രസിഡന്റായിരുന്ന രമ്യ ഷിയാസിനെ കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.