ബ്രഹ്മപുരത്തും നെട്ടൂരിലും തീപിടിത്തം
1396297
Thursday, February 29, 2024 4:13 AM IST
കാക്കനാട്/മരട്: വേനൽ രൂക്ഷമായതോടെ തീപിടിത്തങ്ങൾ പതിവായി. കൊച്ചിയിൽ ഇന്നലെ രണ്ടിടത്ത് തീപിടിത്തമുണ്ടായി. കോർപറേഷന്റെ ബ്രഹ്മപുരം മാലിന്യപ്ലാന്റിലും മരട് നെട്ടൂർ രാജ്യാന്തര മാർക്കറ്റിലെ പുൽത്തകിടിയിലും. രണ്ടിടത്തും ഫയർഫോഴ്സ് എത്തി തീയണച്ചു.
ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ രണ്ടു പ്രാവശ്യം തീപിടിച്ചു.
ഉച്ചയ്ക്ക് ഒന്നോടെ സെക്ടർ എട്ടിലാണ് ആദ്യം തീ കണ്ടത്. തീപിടിത്തം ശ്രദ്ധയിൽപ്പെട്ട ഫയർ വാച്ചർമാർ ഉടൻ അവിടെയുണ്ടായിരുന്ന ഫയർഫോഴ്സിനെ അറിയിക്കുകയായിരുന്നു. അണയ്ക്കാൻ ശ്രമിച്ചെങ്കിലും തീ പടർന്നു.
പിന്നീട് രണ്ടിനും 2.30നും ഇടയിൽ സമീപത്തെ രണ്ടു സ്ഥലങ്ങളിൽകൂടി തീപിടിച്ചതോടെ കാക്കനാട്, പട്ടിമറ്റം, ഏലൂർ എന്നീ ഫയർ ഫോഴ്സ് യൂണിറ്റുകളിലെ നാല് യൂണിറ്റ് സ്ഥലത്തെത്തി. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കനായത്.
ആശങ്കപ്പെടേണ്ട ആവശ്യമില്ലെന്ന് ജില്ലാ ദുരന്ത നിവാരണ അഥോറിറ്റിയുടെ ചാർജുള്ള ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ് പറഞ്ഞു. മാലിന്യ പ്ലാന്റിൽ എന്ത് സംഭവം ഉണ്ടായാലും നിരീക്ഷിക്കുന്നതിനായി വാച്ച് ടവർ നിർമിച്ചിട്ടുണ്ട്.
അവിടെനിന്ന് പ്ലാന്റ് പൂർണമായും 24 മണിക്കൂറും നിരീക്ഷണത്തിലാണ്. 50 ഓളം ഫയർ വാച്ചർമാർ ജോലി ചെയ്യുന്നുണ്ട്. കൂടാതെ അഗ്നിരക്ഷാസേനയുടെ ഒരു യൂണിറ്റ് 24 മണിക്കൂറും പ്ലാന്റിലുണ്ട്.
നെട്ടൂരിൽ കത്തിയത് പുൽത്തകിടി
നെട്ടൂർ രാജ്യാന്തര മാർക്കറ്റിലെ പുൽത്തകിടിക്ക് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ ഉച്ചയോടെയാണ് മാർക്കറ്റ് വളപ്പിലെ ഉണങ്ങിനിൽക്കുന്ന പുൽത്തകിടികൾക്ക് തീപിടിച്ചത്. കടുത്ത ചൂടിൽ തീ ആളിപ്പടർന്നതോടെ പ്രദേശമാകെ കനത്ത പുക പടർന്നു.
മാർക്കറ്റിലുണ്ടായിരുന്ന തൊഴിലാളികളുടെ മൂന്ന് ടാങ്കറിൽനിന്നും വെള്ളമൊഴിച്ച് ഇതിന്റെ വശത്തായി പ്രവർത്തിക്കുന്ന ഗോഡൗണിലേക്ക് തീ പടരാതെ നോക്കിയതിനാലും ഈ ഭാഗത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ ഉടൻതന്നെ മാറ്റിയതിനാലും കൂടുതൽ അപകടങ്ങൾ ഒഴിവാക്കാനായി.
തൃപ്പൂണിത്തുറയിൽ നിന്നെത്തിയ അഗ്നിരക്ഷാ സംഘം ഒരു മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. മാലിന്യ വസ്തുക്കൾ കൂട്ടിയിട്ടിരുന്നിടത്താണ് തീ ആദ്യം പടർന്നതെന്ന് പറയുന്നു.