കണ്ടെയ്നര്‍ റോഡിൽ 91 കോടിയുടെ നവീകരണം : തെരുവ് വിളക്കുകള്‍ പ്രകാശിക്കും
1396099
Wednesday, February 28, 2024 4:23 AM IST
കൊച്ചി: കണ്ടെയ്നര്‍ റോഡില്‍ വഴിവിളക്കുകള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പടെ 91 കോടിയുടെ നവീകരണത്തിന് കേന്ദ്ര നടപടി. വഴിവിളക്കുകള്‍ ഇല്ലാത്തതിനാല്‍ ഇരുളടഞ്ഞ കണ്ടെയ്നര്‍ റോഡിലൂടെയുള്ള ദുരിതയാത്ര ദിപീക കഴിഞ്ഞ ജൂണില്‍ വാര്‍ത്തയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് ഹൈബി ഈഡന് നടത്തിയ ഇടപടലിനെ തുടര്‍ന്നാണ് റോഡിന്റെ നവീകരണം ഉള്‍പ്പടെ 91 കോടിയുടെ പദ്ധതിക്ക് കേന്ദ്ര ഗതാഗത മന്ത്രാലയം തുടക്കമിട്ടത്.
വഴി വിളക്കുകള്‍ക്ക് പുറമേ കോതാട്-മൂലമ്പിള്ളി, മുളവുകാട്-മൂലമ്പിള്ളി പാലങ്ങളുടെ നവീകരണ പദ്ധതിയും ഇതില്‍ പെടും. പദ്ധതികളുടെ ടെൻഡര്‍ നടപടികള്‍ പൂര്‍ത്തിയായി. ഡല്‍ഹി കേന്ദ്രമായ സിഡിആര്‍ ആന്‍ഡ് കോ എന്ന സ്ഥാപനത്തിനാണ് കരാര്‍. കൂടാതെ ഗോശ്രീ ജംഗ്ഷന്, മൂലമ്പിള്ളി-പിഴല പാലം ജംഗ്ഷന്, കോതാട് ജംഗ്ഷന്, ഓള്‍ഡ് ആനവാതില്‍ ജംഗ്ഷന് എന്നിവിടങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. എംപി ഫണ്ടില്‍ നിന്ന് 22 ലക്ഷം ചെലവഴിച്ചാണ് ഈ സ്ഥലങ്ങളില്‍ ലൈറ്റുകള്‍ സ്ഥാപിക്കുന്നത്.
കണ്ടെയ്നര്‍ റോഡില്‍ ലൈറ്റുകള്‍ സ്ഥാപിക്കണമെന്ന ഏറെ നാളത്തെ നിരന്തരമായ ആവശ്യം ലക്ഷ്യ പ്രാപ്തിയില്‍ എത്തിയെന്ന് ഹൈബി ഈഡന് എംപി പറഞ്ഞു. രണ്ട് പ്രാവശ്യം ഇക്കാര്യം ലോക്സഭയില്‍ ഉന്നയിച്ചിരുന്നു. ഇതേ ആവശ്യം ഉന്നയിച്ചു കേന്ദ്ര മന്ത്രി നിധിന് ഗഡ്കരിയുമായും നാഷണല്‍ ഹൈവേ അധികൃതരുമായും നിരന്തര കൂടിക്കാഴ്ച നടത്തി. ഒടുവില്‍ ഗതാഗത മന്ത്രാലയം ആവശ്യം അംഗീകരിക്കുകയായിരുന്നെന്നും ഹൈബി പറഞ്ഞു.
കണ്ടെയ്നര്‍ റോഡില്‍ സുഗമമായ വാഹന യാത്രയ്ക്ക് വഴിവിളക്കുകള്‍ വേണമെന്നത് യാത്രക്കാരുടെയും പ്രദേശവാസികളുടെയും പോലീസിന്റെയുമൊക്കെ നിരന്തര ആവശ്യമായിരുന്നു. വിഐപികള്‍ കടന്നുപോകുമ്പോള്‍ മാത്രം മുളക്കാലുകളില് ലൈറ്റുകള്‍ നാട്ടി താല്‍ക്കാലിക സംവിധാനം ഒരുക്കും. അതു കഴിഞ്ഞാല്‍ വീണ്ടും പഴയ ഇരുട്ടിലേക്ക് കണ്ടെയ്നര്‍ റോഡിനെ തള്ളിയിടും.
വ്യാപകമായ പരാതിയാണ് ദേശീയ പാത അഥോറിറ്റിക്ക് ഇതു സംബന്ധിച്ച് നിരന്തരം ലഭിച്ചുകൊണ്ടിരുന്നത്. ലൈറ്റുകള്‍ സ്ഥാപിച്ചില്ലെങ്കില്‍ ടോള്‍ ബഹിഷ്കരിക്കുമെന്ന നിലയിലേക്ക് വരെ കാര്യങ്ങളെത്തിയപ്പോഴാണ് ദേശീപാത അഥോറിറ്റി സത്വരമായ നടപടികളിലേക്ക് കടന്നത്. കളമശേരിയില്‍ തുടങ്ങി വല്ലാര്‍പാടത്ത് അവസാനിക്കുന്ന 17.2 കിലോമീറ്റര്‍ നീളുന്നതാണ് കണ്ടെയ്നര്‍ റോഡ്. കണ്ടെയ്നര്‍ റോഡ് നിര്‍മിക്കുന്നതിനായുള്ള ആദ്യ ഡീറ്റയില്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ടില്‍ റോഡില്‍ വൈദ്യുതീകരണത്തിനായുള്ള നിര്‍ദേശം ഉണ്ടായിരുന്നില്ല.
കണ്ടെയ്നര്‍ ലോറികള്‍ മാത്രം സഞ്ചരിക്കുന്നതിനായുള്ള റോഡാണ് വിഭാവനം ചെയ്തിരുന്നത്. കൊച്ചി മെട്രോയുടെ നിര്‍മാണം ആരംഭിച്ചതോടെയാണ് സാധാരണ വാഹനങ്ങളും കണ്ടെയ്നര്‍ റോഡിലൂടെ കടത്തിവിടാന്‍ തീരുമാനമുണ്ടായത്. ഇതോടെയാണ് റോഡില്‍ വൈദ്യുതീകരണം അത്യാവശ്യമായി വന്നത്.