പൊള്ളുന്ന വെയിൽ; മത്സരാര്‍ഥികൾ തളരുന്നു
1396098
Wednesday, February 28, 2024 4:23 AM IST
കോട്ടയം: പൊള്ളുന്ന വെയിലും ചൂടും മത്സരാര്ഥികളെയും വലയ്ക്കുന്നു. താപനിലയില്‍ ഇന്നലെ കോട്ടയം എക്കാലത്തെയും ഉയര്‍ന്ന റിക്കാര്‍ഡ് കുറിച്ചത്; 39.09 ഡിഗ്രി സെൽഷസ് മണിക്കൂറുകളോളം കാത്തിരിക്കുന്ന മത്സരാര്‍ഥികള്‍ പലരും തളര്‍ന്നുവീഴുന്ന സ്ഥതിയാണ്. പല വേദികളോടും ചേര്‍ന്നുള്ള ഗ്രീന്‍ റൂമില്‍ ഫാന്‍ പോലുമില്ല.
ചിലരാകട്ടെ വേഷവിധാനങ്ങള്‍ അണിഞ്ഞ് എസിയുള്ള വാഹനത്തിലെത്തി വേദിക്കരികില്‍ കാത്തിരിക്കുകയാണ്. മത്സരം തുടങ്ങാന്‍ ചെസ് നമ്പര്‍ വിളിക്കുമ്പോഴാണ് വേദിയിലെത്തുന്നത്. മത്സരാര്ഥികളുടെയും മാതാപിതാക്കളുടെയും അധ്യാപകരുടെയും കൈകളില്‍ കുടിവെള്ളവുമുണ്ട്.
തണ്ണിമത്തന് ഉള്‍പ്പെടെയുള്ള പഴങ്ങളും ശീതള പാനീയങ്ങളും കഴിച്ചാണ് പലരും ചൂടിനെ പ്രതിരോധിക്കുന്നത്. ചൂടിന്റെ കാഠിന്യം കാണികളെയും പിന്നോട്ട് വലിക്കുന്നു. ചൂടിന് അല്പം ആശ്വാസം വരുമ്പോഴാണ് കുറച്ചു കാണികളെങ്കിലും എത്തുന്നത്.
മത്സരാര്‍ഥികള്‍ ഏറെ; പുലരുംവരെ മത്സരം,/b>
കോട്ടയം: മത്സരാര്‍ഥികളുടെ എണ്ണത്തിലുള്ള വര്‍ധനയും ലോട്ട് എടുത്തതിനുശേഷമുള്ള കാലതാമസവും മൂലം എംജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മത്സരങ്ങള്‍ വൈകുന്നു. ഉച്ചയോടെ ആരംഭിക്കുന്ന മത്സരം അവസാനിക്കണമെങ്കില്‍ പിറ്റന്ന് നേരം പുലരുമെന്ന സ്ഥിതിയാണ്. ഇന്നലെ നടന്ന കവിത പാരായണത്തില്‍ 122 പേരും, മോണോ ആക്ടില്‍ 79 പേരുമാണ് മത്സരാർഥികളായി എത്തിയത്.
ഒമ്പതിനു തുടങ്ങേണ്ട കവിതാ പാരായണം ഉച്ചയ്ക്ക് 12.30നും, 10ന് ആരംഭിക്കേണ്ട മോണോആക്്ട് ഉച്ചകഴിഞ്ഞ് ഒന്നിനുമാണ് ആരംഭിച്ചത്. രാവിലെ 11ന് ആരംഭിക്കേണ്ട ഉപന്യാസം ഉച്ചകഴിഞ്ഞ് 1.15നാണു തുടങ്ങാനായത്. രജിസ്ട്രേഷന് കോട്ടയം ബസേലിയസ് കോളജില്‍ പൂര്‍ത്തീകരിച്ചശേഷം വിവിധ വേദികളിലേക്ക് എത്തി റിപ്പോര്‍ട്ടിംഗ് നടത്തി മത്സരത്തില്‍ പങ്കെടുക്കും വിധമാണു ക്രമീകരണം.
ചില മത്സരങ്ങള്‍ക്ക് വിവിധ വേദികളില്‍ എത്തി ലോട്ട് എടുത്തശേഷമാകും മത്സരക്രമം നിശ്ചയിക്കേണ്ടത്. ഇതു കൂടിയാകുമ്പോള്‍ ഏറെ കാലതാമസം നേരിടുന്നത് മത്സരാര്ഥികളെയും സംഘാടകരെയും വലയ്ക്കുന്നുണ്ട്.