ഉപജീവനത്തിന് വഴി തേടിയെത്തിയ ആൻമരിയ ഒരുക്കുന്നത് 40 പേർക്കുള്ള ഉപജീവനമാർഗം
1374141
Tuesday, November 28, 2023 2:53 AM IST
കൂത്താട്ടുകുളം: ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് 40 ഓളം വനിതകൾക്ക് ഉപജീവന മാർഗമൊരുക്കുന്ന മാതൃകാ സംരംഭ ക. കൂത്താട്ടുകുളം സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപത്തെ കല്ലിടുക്കിൽ ബിൽഡിംഗ്സിലാണ് മലപ്പുറം സ്വദേശിനി യായ ആൻ മരിയയുടെ സംരംഭം.
സ്വകാര്യ കന്പനി നിർമിക്കുന്ന സർജിക്കൽ ഗ്ലൗസുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തി തരംതിരിക്കലാണ് യൂണിറ്റിൽ ചെയ്തുവരുന്നത്. 2022 നവംബറിൽ ആൻ മരിയ കൂത്താട്ടുകുളത്തെത്തി അടഞ്ഞു കിടന്ന ഗ്ലൗസ് ഇൻസ്പെക്ഷൻ യൂണിറ്റ് ഏറ്റെടുത്തു നടത്തുകയായിരുന്നു. മുൻപ് സ്വകാര്യ ഗ്ലൗസ് കന്പനിയിൽ മാനേജരായി ജോലി ചെയ്തിരുന്ന പ്രവൃത്തി പരിചയം ആൻ മരിയയ്ക്ക് ഏറെ സഹായകരമായി.
പതുക്കെ പതുക്കെ തൊഴിലാളികളുടെ എണ്ണം വർധിച്ച് ഇന്ന് ആൻ മരിയയ്ക്ക് കീഴിൽ നാൽപ്പതിലധികം തൊഴിലാളികളെന്ന അവസ്ഥയായി. അതിൽ ചെറുപ്പക്കാർ മുതൽ പ്രായം ചെന്നവർ വരെയുണ്ട്.
സമയനിയന്ത്രണങ്ങൾ ഇല്ലാതെ ജോലി ചെയ്യാനുള്ള സാഹചര്യമാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. വീട്ടിലെ ജോലിത്തിരക്കുകളും മറ്റ് ആവശ്യങ്ങളും പൂർത്തീകരിച്ചതിനുശേഷം മാത്രം ജോലിയ്ക്കെത്തിയാൽ മതിയെന്നതും ജീവനക്കാർക്ക് ഏറെ ആശ്വാസമാണ്. ആൻ മരിയയ്ക്ക് പൂർണ പിന്തുണയുമായി ഭർത്താവും മക്കളും ഒപ്പമുണ്ട്.