പെൻഷനുവേണ്ടി ഒറ്റയാൾ സമരവുമായി ശശീന്ദ്രൻ
1374127
Tuesday, November 28, 2023 2:32 AM IST
തൃപ്പൂണിത്തുറ: അഞ്ച് മാസമായി വികലാംഗ പെൻഷൻ ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരന്റെ കുത്തിയിരുപ്പ് സമരം.
തെക്കൻ പറവൂർ 12-ാം വാർഡ് അരയശേരിൽ ശശീന്ദ്രൻ (62) ആണ് ഉദയംപേരൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ തിങ്കളാഴ്ച്ച രാവിലെ മുതൽ രാപ്പകൽ സമരം തുടങ്ങിയത്. കഴിഞ്ഞ അഞ്ച് മാസമായി സർക്കാരും ഉദയംപേരൂർ പഞ്ചായത്തും തന്റെ വികലാംഗ പെൻഷൻ തടഞ്ഞുവച്ചിരിക്കുന്നുവെന്നാണ് ഇയാൾ പറയുന്നത്.
ജന്മനാലുള്ള അസ്ഥിരോഗം മൂലം വലതുകാലിന്റെ ചലനശേഷി നഷ്ടപ്പെട്ട് 50 ശതമാനം അസ്ഥി വൈകല്യവും നേത്രപടലത്തിന്റെ രോഗത്താൽ 16 വയസു മുതൽ കാഴ്ച പരിമിതനുമായ ശശീന്ദ്രൻ പഞ്ചായത്ത് ഓഫീസിനു മുന്നിൽ പായ വിരിച്ചിരുന്നാണ് സമരം ചെയ്യുന്നത്. പാചകജോലി ചെയ്താണ് ഉപജീവനം നടത്തിയിരുന്നതെങ്കിലും ശാരീരിക അസ്വസ്ഥതകളും കാഴ്ചപരിമിതിമൂലവും ശശീന്ദ്രന് ജോലിക്ക് പോകാനും കഴിയുന്നില്ല.
കഴിഞ്ഞ ജൂൺ വരെ പെൻഷൻ ലഭിച്ചിരുന്നുവെന്നും പിന്നീടാണ് ലഭിക്കാതായതെന്നുമാണ് ശശീന്ദ്രൻ പറയുന്നത്. അതേസമയം ശശീന്ദ്രൻ മസ്റ്ററിംഗ് നടത്താത്തതുകൊണ്ടാണ് പെൻഷൻ മുടങ്ങിയതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.