മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവര്‍മാര്‍ അറസ്റ്റില്‍
1374125
Tuesday, November 28, 2023 2:32 AM IST
കൊച്ചി: വര്‍ധിച്ചുവരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തില്‍ കൊച്ചി സിറ്റി പോലീസും റൂറല്‍ പോലീസും ഇന്നലെ നടത്തിയ പരിശോധനയില്‍ മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസെടുത്തു.
സ്വകാര്യ, കെഎസ്ആര്‍ടിസി, സ്കൂള്‍ ബസുകളുടേതുള്പ്പെടെ കൊച്ചി സിറ്റിയില്‍ 13 പേര്‍ക്കെതിരെയും റൂറലില്‍ ആറ് പേര്‍ക്കെതിരെയുമാണ് കേസെടുത്തത്. നഗരത്തില്‍ ഏഴ് സ്വകാര്യ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ക്കെതിരെയും, മൂന്ന് സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കെതിരെയും, ഒരു മിനി ബസ് ഡ്രൈവര്‍ക്കെതിരെയുമാണ് കേസെടുത്തത്. റൂറലില്‍ കേസെടുത്ത ആറു പേരും സ്കൂള്‍ ബസ് ഡ്രൈവര്‍മാരാണ്.
അശോകപുരം ചാമക്കാട്ടില്‍ ജയേഷ് (38), ചെങ്ങമനാട് അമ്പലപ്പറമ്പ് സൂര്യകുമാര്‍ (46), മഠത്തുംപടി പഞ്ഞിക്കാരന്‍ ഡേവിസ് (63), കറുകടം ചിറങ്ങര രഞ്ജിത്ത് (34) ഇലഞ്ഞി പുളിഞ്ചോട്ടില്‍ സിറില്‍ (35) കൈതാരം പട്ടേരിപ്പറമ്പ് സിയാര് (39) എന്നിവര്‍ക്കെതിരെയാണ് റൂറല്‍ കേസെടുത്തത്.
ഇന്നലെ രാവിലെ ഒമ്പത് മുതല്‍ 10.30വരെയും വൈകുന്നേരം അഞ്ച് മുതല്‍ 6.30 വരെയുമായിരുന്നു പരിശോധന . വരുംദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് പോലീസ് അറിയിച്ചു. തൃപ്പൂണിത്തുറയിൽ മദ്യപിച്ച് വാഹനം ഓടിച്ചതിന് രണ്ട് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ അടക്കം മൂന്നുപേര്‍ പിടിയിലായി.
കെഎസ്ആർടിസി ഡ്രൈവർമാരായ കോട്ടയം വില്ലൂന്നി തൈക്കൂട്ടത്തിൽ അരുൺ ടി. ഗോപിദാസ് (41), കോട്ടയം കുഴിമറ്റം മീഞ്ചിറ തിട്ടത്തിൽ ടിജി എം. സ്ക്കറിയ (45), സ്വകാര്യ ബസ് ഡ്രൈവർ ഇരുമ്പനം സൂര്യപ്രകാശിൽ എസ്.എസ്. റോണി (29) എന്നിവരാണ് തിങ്കളാഴ്ച്ച രാവിലെ ഹിൽപാലസ് പോലീസ് നടത്തിയ പരിശോധനയിൽ അറസ്റ്റിലായത്.
മൂന്ന് ബസുകളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇതില്‍ രണ്ടു കെഎസ്ആര്‍ടിസി ബസുകളും വൈക്കത്തുനിന്ന് തൃപ്പൂണിത്തുറയിലേക്ക് സര്‍വീസ് നടത്തുന്ന ബസുകളാണ്. മൂന്ന് ബസുകളിലും നിരവധി യാത്രക്കാര്‍ ഉണ്ടായിരുന്നെങ്കിലും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്തവിധം പുതിയ ഡ്രൈവര്‍മാര്‍ എത്തിയ ശേഷം കസ്റ്റഡിയിലെടുത്ത ബസുകള്‍ വിട്ടുനല്‍കി.