ഈശ്വരൻകുട്ടിക്കും കുടുംബത്തിനും വീട്ടിലേക്കെത്താൻ ഇനി ദുരിതയാത്ര വേണ്ട
1339924
Monday, October 2, 2023 1:37 AM IST
മൂവാറ്റുപുഴ: വഴിയില്ലാത്തത് മൂലം വീട്ടിലെത്താൻ ബുദ്ധിമുട്ടിയിരുന്ന കുടുംബത്തിന് സഹായഹസ്തവുമായി കോണ്ഗ്രസ് പ്രവർത്തകർ. കിഴക്കേക്കര 13-ാം വാർഡിൽ ചന്ദ്രവിലാസം ഈശ്വരൻകുട്ടിക്കും കുടുബത്തിനുമാണ് സഹായവുമായി കോണ്ഗ്രസ് പ്രവർത്തകരെത്തിയത്.
കഴിഞ്ഞ 50 വർത്തോളമായി സ്വന്തം വീട്ടിലേയ്ക്കെത്താൻ സാഹസികമായ യാത്രയാണ് വാർധക്യത്തിലെത്തിയ ഈശ്വരൻകുട്ടി, ഭാര്യ ചന്ദ്രവതി, മക്കളായ അഭിലാഷ്, അന്പിളി എന്നിവർ നടത്തിയിരുന്നത്. വീടിനു സമീപമുള്ള ചെറുതോട്ടിലിറങ്ങിയാണ് ഇത്രയും നാൾ കുടുംബം സഞ്ചരിച്ചിരുന്നത്.
ദീർഘനാളായുള്ള കുടുംബത്തിന്റെ ഈ ദുരിതയാത്രയ്ക്കാണ് ഇരുന്പുപാലം നിർമിച്ചു നൽകി കോണ്ഗ്രസ് പ്രവർത്തകർ അറുതിവരുത്തിയത്. ഡീൻ കുര്യാക്കോസ് എംപിയും മാത്യു കുഴൽനാടൻ എംഎൽഎയും ചേർന്ന് പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
നഗരസഭാധ്യക്ഷൻ പി.പി. എൽദോസ്, സ്ഥിരംസമിതി അധ്യക്ഷൻ അജി മുണ്ടാട്ട്, മുൻ നഗരസഭാംഗം കെ.എ. അബ്ദുൾ സലാം, കാർഷിക ഗ്രാമ വികസന ബാങ്ക് ബോർഡംഗം എൻ.പി. ജയൻ, ബൂത്ത് കമ്മിറ്റി പ്രസിഡന്റ് കെ.എം. ഷഫീക്ക്, വാർഡിലെ മുതിർന്ന കോണ്ഗ്രസ് നേതാക്കളായ പ്രഭാകരൻ, ഷാനു നേടിയമാല തുടങ്ങിയവർ പങ്കെടുത്തു.