തുള്ളലിന്റെ ചാരുതയിൽ പാഠം ഗ്രഹിച്ച് വിദ്യാർഥികൾ
1339921
Monday, October 2, 2023 1:37 AM IST
മൂവാറ്റുപുഴ: പാഠഭാഗം വേദിയിൽ അവതരിപ്പിക്കുന്നത് നേരിട്ട് കാണുന്ന അപൂർവതയ്ക്ക് വീട്ടൂർ എബനേസർ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ സാക്ഷ്യം വഹിച്ചു.
ക്ലാസ് മുറിയിൽ അധ്യാപകൻ ചൊല്ലി പഠിപ്പിച്ച കുഞ്ചൻ നന്പ്യാരുടെ ധ്രുവചരിതത്തിലെ തുള്ളൽ ശീലുകളുടെ നേർക്കാഴ്ച കലാമണ്ഡലം മഹീന്ദ്രനും സംഘവുമാണ് വേദിയിൽ അവതരിപ്പിച്ചത്. തുള്ളലിന്റെ വേഷം, പാട്ട്, മുദ്രകൾ, അഭിനയം, താളം, രംഗാവതരണം തുടങ്ങിയ വിവിധ മേഖലകളുടെ കാഴ്ചയും വിശദീകരണവും വിദ്യാർഥികൾ ഏറെ കൗതുകത്തോടെ ആസ്വദിച്ചു.
അധ്യയനത്തെ കൂടുതൽ ലളിതമാക്കാനും കുട്ടികൾക്ക് തനത് കലാരൂപങ്ങളെ നേരിട്ട് പരിചയപ്പെടുവാനും അവസരമൊരുക്കുകയാണ് ഇത്തരം പരിപാടിയിലൂടെ എബനേസർ ലക്ഷ്യമിടുന്നതെന്ന് സ്കൂൾ മാനേജർ കമാൻഡർ സി.കെ. ഷാജി പറഞ്ഞു.
എട്ടാം ക്ലാസിലെ മലയാളം അടിസ്ഥാന പാഠാവലി ധ്രുവചരിതത്തിലെ ‘കിട്ടും പണമെങ്കിലിപ്പോൾ’ എന്ന പാഠഭാഗത്തിന്റെ ദൃശ്യാനുഭവം വിദ്യാർഥികളിലും അധ്യാപകരിലും ഒരേസമയം ചിരിയും ചിന്തയും ഉണർത്തി.
ഓഡിയോ വിഷ്വൽ ഡോക്യുമെന്റേഷനിലൂടെ ഭാവിയിൽ ക്ലാസ് മുറികളിൽ പ്രദർശിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചിത്രീകരണവും വിദ്യാർഥികളുടെ നേതൃത്വത്തിൽ നടന്നു.
ആക്ഷേപഹാസ്യത്തിന്റെ മേന്പൊടിയിൽ സമൂഹത്തിലെ മോശം പ്രവണതകളെ ശക്തമായി വിമർശിക്കുന്ന പ്രകടനമാണ് കണ്ണൂർ മലയാളം കലാനിലയത്തിലെ കലാമണ്ഡലം മഹീന്ദ്രൻ, കലാമണ്ഡലം പ്രസൂണ്‍, കലാമണ്ഡലം അമൽ, കലാമണ്ഡലം ആകാശ് എന്നീ കലാകാരന്മാർ നടത്തിയത്.
സോദാഹരണ അവതരണത്തിന് മുന്നോടിയായി നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ ബിജു കുമാർ, പ്രധാനാധ്യാപിക ജീമോൾ കെ. ജോർജ്, പിടിഎ പ്രസിഡന്റ് എസ്. മോഹൻദാസ്, എംപിടിഎ പ്രസിഡന്റ് ജോളി റെജി, അക്കാദമിക് കൗണ്‍സിൽ അംഗം എം. സുധീഷ് എന്നിവർ പ്രസംഗിച്ചു.