ചെങ്ങറ കോളനി മിച്ചഭൂമിയിൽ റീസർവേ നടത്തും
1339610
Sunday, October 1, 2023 5:35 AM IST
മൂവാറ്റുപുഴ: ചെങ്ങറ കോളനിയിലെ മിച്ചഭൂമിയിൽ റീസർവേ നടത്താൻ നിർദേശം. കോളനിയിലെ മിച്ചഭൂമിയിൽ നിർമിച്ച വീടുകളിലേക്കാവശ്യമായ വഴി ലഭ്യമാക്കാൻ ഉന്നത തല യോഗം തീരുമാനിച്ചു.
മാത്യു കുഴൽനാടൻ എംഎൽഎ അധ്യക്ഷത വഹിച്ചു. റീസർവേ നടത്തി അതിർത്തി നിർണയിക്കാൻ കാടുകൾ വെട്ടിത്തെളിക്കാൻ പഞ്ചായത്ത് പ്രസിഡന്റിന് കളക്ടർ എൻ.എസ്.കെ. ഉമേഷ് നിർദേശം നൽകി.
ആവോലി പഞ്ചായത്തിൽ ഉൾപ്പെടുന്ന ചെങ്ങറ കോളനിയിലെ 60 ഏക്കർ മിച്ചഭൂമി സീറോ ലാൻഡ് ലെസ് പദ്ധതിയിൽ ഉൾപ്പെടുത്തി ആവശ്യക്കാർക്ക് വിതരണം ചെയ്തു. മൂന്ന് സെന്റ് വീതം 345 പേർക്കു നൽകിയതിൽ 150 കുടുംബങ്ങൾക്കുള്ള ഭൂമിയിലേക്കാണ് വഴി സൗകര്യം ഇല്ലാത്തത്. വഴിയില്ലാത്തതിനാൽ ഇവിടെ നിർമിച്ച വീടുകൾ വാസയോഗ്യമല്ലാതെ കാടു പിടിച്ച അവസ്ഥയിലാണ്.
വഴി ലഭ്യമാക്കുന്നതിന് അതിർത്തി നിർണയിക്കാനും ഭൂമി നൽകിയവരിൽ അയോഗ്യരെ ഒഴിവാക്കാനും അർഹരെ ഉൾപ്പെടുത്താനും തീരുമാനിച്ചു. ചെങ്ങറ കോളനിയിൽ അംബേദ്കർ ഗ്രാമവികസന പദ്ധതിയിലൂടെ അനുവദിച്ച ഒരു കോടിയിൽ നിന്ന് കമ്മ്യൂണിറ്റി ഹാൾ നിർമാണത്തിന് സ്ഥലം അനുവദിക്കുന്നതിന് രേഖകൾ ഹാജരാക്കാൻ കളക്ടർ നിർദേശിച്ചു.
കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസ്, ആവോലി പഞ്ചായത്ത് പ്രസിഡന്റ് ഷെൽമി ജോണ്‍സ്, മൂവാറ്റുപുഴ തഹസിൽദാർ രഞ്ജിത് ജോർജ്, വകുപ്പു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.