പെരിയാറിലേക്ക് ശുചിമുറി മാലിന്യം എൻഫോഴ്സ്മെന്റ് സ്ക്വാഡ് പരിശോധന നടത്തി
1337702
Saturday, September 23, 2023 1:58 AM IST
കരുമാലൂർ: പെരിയാറിലേക്ക് ശുചിമുറി മാലിന്യമൊഴുക്കിയ സംഭവത്തെ തുടർന്ന് ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തിലുള്ള സംഘം കരുമാലൂരിൽ പരിശോധന നടത്തി. കോട്ടപ്പുറത്തെ ഫ്ലാറ്റിൽനിന്നുള്ള ശുചിമുറി മാലിന്യമാണു വൻതോതിൽ പെരിയാറിലേക്ക് ഒഴുക്കിയത്. നാട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
പെരിയാറിന്റെ കൈവഴിത്തോട് കോട്ടപ്പുറത്തെ പാർപ്പിട സമുച്ചയത്തിന്റെ അരികിലൂടെയാണു കടന്നു പോകുന്നത്. ഇതുവഴിയാണു പെരിയാറിലേക്ക് മാലിന്യം ഒഴുക്കിയിരിക്കുന്നതെന്നു പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്.
രണ്ടുമാസം മുൻപ് കരുമാലൂർ പഞ്ചായത്തിൽ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ പെരിയാർവാലി കനാലിലേക്കും പൊതുകാനകളിലേക്കും മാലിന്യ മൊഴുക്കുന്നവരെ പിടികൂടിയിരുന്നെങ്കിലും പഞ്ചായത്ത് അധികൃതർ പിഴ ചുമത്തിയില്ലെന്നു പരാതിക്കാർ പറഞ്ഞു.
കൂടാതെ കഴിഞ്ഞ ദിവസം കരുമാല്ലൂർ ഷാപ്പുപടിയിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലിൽനിന്ന് ഒരു ലോഡ് ഭക്ഷണാവാശിഷ്ടം സമീപത്തെ കൃഷിഭൂമിയിലേക്കും തള്ളിയിരുന്നു. നാട്ടുകാരുടെ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് കഴിഞ്ഞ ദിവസം ഇവിടെ പരിശോധന നടത്തി. ഹോട്ടൽ നടത്തിപ്പുകാരെ കൊണ്ട് മാലിന്യം തിരികെ കോരിപ്പിക്കുകയായിരുന്നു.
പരിശോധനയുടെ അടിസ്ഥാനത്തിൽ കരുമാലൂർ പഞ്ചായത്ത് സെക്രട്ടറിയോടു നടപടിയെടുക്കാൻ ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് കോഡ് നിർദേശം നൽകിയിട്ടുണ്ട്.
പഞ്ചായത്ത് സെക്രട്ടറിക്കെതിരെ മുഖ്യമന്തിക്ക് പരാതി
കരുമാലൂർ: പരാതിക്കാർ, പരിസ്ഥിതി സംഘടനാ ഭാരവാഹികൾ എന്നിവരുടെ ഫോൺ നമ്പറുകൾ ഔദ്യോഗിക ഫോണിൽ ബ്ലോക്ക് ചെയ്തെന്ന് ആരോപിച്ച് കരുമാലൂർ പഞ്ചായത്ത് സെക്രട്ടറിക്കെതിരേ മുഖ്യമന്ത്രിക്കു പരാതി.
കേരളീയ പരിസ്ഥിതി സംരക്ഷണ സമിതി സെക്രട്ടറി ബി.വി. രവീന്ദ്രനാണു പരാതി നൽകിയിരിക്കുന്നത്.വ്യാപകമായി കൃഷിഭൂമി നികത്തൽ, പുറമ്പോക്ക് കൈയേറ്റം, അനധികൃത നിർമാണം എന്നിവയുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ പലരും പഞ്ചായത്തിൽ നൽകിയിട്ടുണ്ട്.
ഇതിന്റെ വിവരങ്ങൾ അന്വേക്ഷിച്ചപ്പോഴാണു പഞ്ചായത്ത് സെക്രട്ടറി പരാതിക്കാരുടെ ഫോൺ നമ്പറുകളെല്ലാം ഔദ്യോഗിക ഫോണിൽ ബ്ലോക്ക് ചെയ്തിരിക്കുന്നതെന്നു പരാതിയിൽ പറയുന്നു. നിലവിൽ ഔദ്യോഗിക ഫോണിലേക്കു വിളിക്കുമ്പോൾ തിരക്കിലാണെന്ന മറുപടിയാണ് സ്ഥിരമായി കേൾക്കുന്നത്.
ചില മാധ്യമ പ്രവർത്തകരുടെ നമ്പറുകൾ ഉൾപ്പെടെ ഇത്തരത്തിൽ ബ്ലോക്ക് ചെയ്തെന്ന് അറിയാൻ കഴിഞ്ഞതായി പരാതിയിലുണ്ട്. അതിനാൽ അഴിമതിക്കാരെ സംരക്ഷിക്കുന്നതിനു വേണ്ടി ഔദ്യോഗിക ഫോണിൽ കൃത്രിമം കാണിച്ച പഞ്ചായത്ത് സെക്രട്ടറിക്കെതിരേ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.