ജീവിതം"നാടകലഹരി'; മരട് ജോസഫിനു വിട
1337159
Thursday, September 21, 2023 5:46 AM IST
കൊച്ചി:അരങ്ങില്‍ അഭിനയ മികവിന്റെ വിസ്മയങ്ങളൊരുക്കിയ മരട് ജോസഫ്, നാട്യങ്ങളില്ലാത്ത ലോകത്തേക്കു യാത്രയാകുന്നത്, ആത്മകഥ പൂര്‍ത്തിയാക്കിയതിനു തൊട്ടു പിന്നാലെ. ഏഴുതിത്തീര്ത്ത ആത്മകഥ പ്രസാധകനെ ഏല്പിച്ചു; 94-ാം ജന്മദിനമായ നവംബര്‍ 17ന് പ്രകാശനവും തീരുമാനിച്ചു. പക്ഷേ, ആ നല്ല നാളിനു കാത്തുനില്‍ക്കാതെ വിട...!!
നാടകവും ജീവിതവും ഇഴചേര്‍ന്ന ഇന്നലെകളുടെ ഹൃദയസ്പര്‍ശിയായ ഏടുകളാണു നാടകലഹരി എന്ന പേരിലുള്ള മരട് ജോസഫിന്റെ ആത്മകഥയുടെ ഉള്ളടക്കം. അരങ്ങിലെ അഭിനയപ്പെരുമ വേദികളില്‍ നിന്നു വേദികളിലേക്കു വളര്‍ന്നപ്പോഴും, അനേകം കഥാപാത്രങ്ങളെ അനശ്വരമാക്കിയപ്പോഴും, നാടകത്തിനായി ഒരായുസത്രയും സമര്‍പ്പിച്ചപ്പോഴും ഉണ്ടായ നേട്ടങ്ങളും നഷ്ടങ്ങളും ആത്മകഥയില്‍ പരാമര്‍ശിക്കുന്നുണ്ട്. കൊച്ചിയിലെ പ്രണത ബുക്സാണ് നാടകലഹരിയുടെ പ്രസാധകര്.
മരട് സെന്റ് മേരീസ് സ്കൂളിലെ പഠനകാലം മുതല്‍ അഭിനയത്തില്‍ അഭിരുചിയറിയിച്ച ജോസഫ്, പി.ജെ. ആന്റണിയുടെ പ്രതിഭാ ആര്‍ട്സ് ക്ലബിലൂടെയാണ് അരങ്ങിലെ നിറസാന്നിധ്യമാകുന്നത്. നാടകകൃത്ത് ചെറായി ജി എഴുതിയ വഴിത്താര എന്ന നാടകത്തില്‍ അഭിനയിച്ചതോടെ പേര് മരട് ജോസഫ് എന്നാക്കി.
എന്‍.എന്‍. പിള്ള, കെ.ടി. മുഹമ്മദ് തുടങ്ങിയ നാടകാചാര്യന്മാര്ക്കൊപ്പം എഴുതിച്ചേര്‍ക്കപ്പെടേണ്ട പേരാണു മരട് ജോസഫ്. ശങ്കരാടി, മണവാളന് ജോസഫ് തുടങ്ങിയ നാടകപ്രതിഭകള്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. പൊന്‍കുന്നം വര്‍ക്കിയുടെ കേരള തീയറ്റേഴ്സ്, വിശ്വകേരള കലാസമിതി, ആലപ്പി തീയറ്റേഴ്സ് ഉള്‍പ്പടെ ഒരുകാലത്ത് കേരളത്തിലെ നാടകവേദികളില്‍ വസന്തമൊരുക്കിയ നിരവധി നാടകസംഘങ്ങളില്‍ നായകവേഷങ്ങളില്‍ മരട് ജോസഫ് ഉണ്ടായിരുന്നു.
ഇന്ക്വിലാബിന്റെ മക്കള്‍, വിശക്കുന്ന കരിങ്കാലി തുടങ്ങിയ നാടകങ്ങളിലെ വേഷങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു. എം.ടി. വാസുദേവന്‍ നായരുടെ ഒരേയൊരു നാടകമായ ഗോപുരനടയില്‍ മുൻനിര അഭിനേതാവായി മരട് ജോസഫുണ്ടായിരുന്നു. കാപാലിക നാടകത്തിലെ കുന്നംകുളം ഇട്ടൂപ്പ് നാടകപ്രേമികള്‍ക്ക് ഒരിക്കലും മറക്കാനാവില്ല. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലും ജോസഫ് വേഷമിട്ടു.
വിശക്കുന്ന കരിങ്കാലി നാടകത്തിനു വേണ്ടി ആദ്യമായി പാടി റിക്കാർഡ് ചെയ്തതും ജോസഫിനെ വ്യത്യസ്തനാക്കി. ഒഎന്‍വിയും ദേവരാജനും ചേര്‍ന്നൊരുക്കിയ "കൂരകള്‍ക്കുള്ളില്‍ തുടിക്കും ജീവനാളം കരിന്തിരി കത്തി', "വെണ്ണിലാവേ വെണ്ണിലാവേ പാതിരാവിന് പനിനീരേ' എന്നീ ഗാനങ്ങളാണു മരട് ജോസഫിന്റെ ശബ്ദത്തില്‍ നാടകവേദികള്‍ ഏറ്റുപാടിയത്. അടുത്ത കാലത്ത് എ ഡ്രമാറ്റിക് ഡെത്ത് എന്ന സിനിമയ്ക്കായി ഒരു ഗാനം മരട് ജോസഫ് പാടിയിരുന്നു.
നാടകത്തിനായി സമര്‍പ്പിച്ച മരട് ജോസഫിന്റെ ജീവിതത്തെ, അവസാന കാലഘട്ടം ചില സങ്കടങ്ങളുടേതു കൂടിയായിരുന്നു...!
കാക്കക്കറുമ്പികളേ, നിഴലുകളേ..
കാലത്തിന് കണ്ണാടി ചുവരിന്മേലെന്തിന്നു
കറുത്ത ചിത്രങ്ങള്‍ വരച്ചു...
നിങ്ങള്‍ കറുത്ത ചിത്രങ്ങള്‍ വരച്ചു...!!
പല വേദികളിലും മരട് ജോസഫ് മനോഹരമായി പാടിയ ഈ വരികളിലുണ്ട് ചമയങ്ങള്ക്കുള്ളിലെ കലാകാരന്റെ പച്ചയായ ജീവിതവ്യഥകള്‍...!
സിജോ പൈനാടത്ത്