പെരിയാർവാലി കനാലുകളിൽ ജലവിതരണം നിർത്തി
1337137
Thursday, September 21, 2023 5:44 AM IST
കോതമംഗലം: പെരിയാർവാലി കനാലുകളിൽ അറ്റകുറ്റപണികൾക്കായി ജലവിതരണം നിർത്തിവച്ചു. ജൂണിൽ അടച്ച കനാൽ മഴ കുറഞ്ഞതിനേതുടർന്ന് രണ്ടാഴ്ച മുന്പാണ് വീണ്ടും തുറന്നത്. മഴ ശക്തമായി ജലദൗർലഭ്യം പരിഹരിച്ച സാഹചര്യംകൂടി കണക്കിലെടുത്താണ് കനാൽ വീണ്ടും അടച്ച് അറ്റകുറ്റപ്പണി ആരംഭിക്കുന്നത്.
നവംബർ പതിനഞ്ചോടെ കനാൽ വീണ്ടും തുറക്കാനാണ് തീരുമാനം. അറ്റകുറ്റപ്പണികളെ മഴ പ്രതികൂലമായി ബാധിച്ചാൽ കനാൽ തുറക്കുന്നതും വൈകിയേക്കും. കനാലുകൾക്ക് വ്യാപകമായി അറ്റകുറ്റപ്പണികൾ അനിവാര്യമാണ്.
ഈ വർഷം എട്ടുകോടിയാണ് അറ്റകുറ്റപ്പണികൾക്കായി വകയിരുത്തിയത്. ഒന്നു മുതൽ അറ്റകുറ്റപണി ആരംഭിക്കാനാണ് തീരുമാനം. ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെയുള്ള കനാലുകളുടെ അറ്റകുറ്റപ്പണിക്കായി ഈ തുക ചെലവഴിക്കും. ടെൻഡർ നടപടികൾ പൂർത്തിയായി. എന്നാൽ കനാൽ അറ്റകുറ്റപണിയിൽ അഴിമതി വ്യാപകമാണെന്ന ആക്ഷേപം ശക്തമാണ്.
പേരിനുമാത്രം പണികൾ നടത്തി ഫണ്ട് എഴുതിയെടുക്കുന്നതായാണ് ആരോപണം. കൃത്യമായ നിരീക്ഷണവും വിലയിരുത്തലും വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടുന്നത്.