പൂയംകുട്ടിയിൽ കനത്ത മഴ; വീടിനു മുന്നിലെ സംരക്ഷണ ഭിത്തി തകർന്നു
1336905
Wednesday, September 20, 2023 5:56 AM IST
കോതമംഗലം: പൂയംകുട്ടിയില്‍ കനത്തമഴയില്‍ വീടിന് മുന്നിലെ സംരക്ഷണഭിത്തി തകര്‍ന്നു. കൂവപ്പാറയില്‍ മുറ്റം ഇടിഞ്ഞുതാഴ്ന്ന് വീട് അപകടാവസ്ഥയില്‍. ആളപായമില്ല. പൂയംകുട്ടി കപ്പേളപ്പടി പുലിമല തൊമ്മിയുടെ വീടിന് സംരക്ഷണ ഭിത്തിയാണ് നിലംപൊത്തിയത്.
ഇന്നലെ പുലര്‍ച്ച 2.15 ഓടെയാണ് സംഭവം. 12 മീറ്ററോളം നീളത്തില്‍ ആറുമീറ്റര്‍ ഉയരത്തില്‍ കരിങ്കല്ലു കൊണ്ട് കെട്ടിയ ഭിത്തിയാണ് തകര്‍ന്നത്. തൊമ്മിയുടെ വീടിന് താഴെയുള്ള കൂട്ടമാക്കല്‍ ലീലാമ്മയുടെ വീടിന് സമീപത്തേക്കാണ് കല്‍ക്കെട്ടും മണ്ണും ഇടിഞ്ഞത്.
വലിയ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് വീടിന് സമീപത്തേക്ക് മണ്ണിടിഞ്ഞത് കണ്ടത്. ഇടിഞ്ഞഭാഗത്തെ കരിങ്കല്‍ കെട്ട് ബാക്കിയുള്ളത് കൂടി ഏതുനിമിഷവും നിലംപതിക്കാവുന്ന അവസ്ഥയിലാണ്. കൂവപ്പാറ ഐക്കരമറ്റം ഷീബ വാസുവിന്റെ വീടിന്റെ മുന്‍വശത്തെ മുറ്റവും കനത്തമഴയില്‍ ഇടിഞ്ഞു. പത്തുമീറ്റര്‍ നീളത്തില്‍ മുറ്റത്തെ മണ്ണ് പോയത് വീടിന് ഭീഷണിയായിരിക്കുകയാണ്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ മണ്ണ് നീക്കിയിട്ടു.
മഴ ശക്തമായാല്‍ കൂടുതല്‍ ഭാഗം ഇടിയാനുള്ള സാധ്യതയുണ്ടെന്നും പറയുന്നു. പ്രദേശത്ത് രണ്ടു ദിവസമായി ശക്തമായ മഴയാണ്. പൂയംകുട്ടി പുഴയിലും ജലനിരപ്പ് കൂടിയിരിക്കുകയാണ്.