ഓൺലൈൻ വായ്പാ തട്ടിപ്പ് : അന്വേഷണ സംഘം അൻപതിലേറെ പേരുടെ മൊഴിയെടുത്തു
1336904
Wednesday, September 20, 2023 5:56 AM IST
വരാപ്പുഴ: ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘത്തിന്റെ കെണിയിൽപ്പെട്ട് നാലംഗ കുടുംബം ജീവനൊടുക്കിയ സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘം അൻപതിലേറെ പേരുടെ മൊഴിയെടുത്തു. പോലീസ് അന്വേഷണം ഊർജിതമാക്കി.
കടമക്കുടി മാടശേരി നിജോ, ഭാര്യ ശിൽപ, രണ്ടു മക്കൾ എന്നിവരെയാണു വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിനു പിന്നിൽ ഓൺലൈൻ വായ്പാ തട്ടിപ്പ് സംഘമാണെന്നു കാണിച്ച് ബന്ധുക്കളും ജാഗ്രതാ സമിതിയും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് ബന്ധുക്കളും സുഹൃത്തുക്കളും അടക്കം അൻപതിലേറെ പേരുടെ മൊഴിയെടുത്തത്.
മരിച്ച ദമ്പതികളുടെ ഫോൺ വിവരങ്ങളിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇവരുമായി ബന്ധമുള്ള നാലുപേരെ റൂറൽ എസ്പി ഓഫീസിൽ കഴിഞ്ഞ ദിവസം വിളിച്ചുവരുത്തി പ്രത്യേകം ചോദ്യം ചെയ്തിരുന്നു. ഓൺലൈൻ വായ്പ പ്രതിസന്ധിക്കു പുറമേ ഇവർക്കു മറ്റു സാമ്പത്തിക പ്രശ്നങ്ങളും ഉണ്ടായിരുന്നെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
പ്രധാന തെളിവായി പോലീസ് കോടതിയിൽ ഹാജരാക്കിയ ദമ്പതികളുടെ ഫോണുകൾ ശാസ്ത്രീയ പരിശോധനകൾക്കായി സൈബർ പോലീസിനു കൈമാറിയിട്ടുണ്ട്. ഇതിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നു പോലീസ് പറഞ്ഞു. വരാപ്പുഴ പോലീസിന്റെ കീഴിലുള്ള സംഘവും സൈബർ സെല്ലിനു കീഴിലുള്ള സംഘവും രണ്ടായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.