പിതാവിന്റെ ചരമവാർഷിക ദിനത്തിൽ മിനിലോറി ഇടിച്ച് ഗൃഹനാഥൻ മരിച്ചു
1301518
Saturday, June 10, 2023 12:30 AM IST
കോതമംഗലം: റോഡ് മുറിച്ചുകടക്കവെ, ഭാര്യയുടെ കണ്മുന്നിൽ മിനിലോറി ഇടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം. കറുകടം പള്ളിമാലിൽ പി.എം. എൽദോസ് (71) ആണ് മരിച്ചത്. പിതാവിന്റെ ചരമവാർഷികദിനമായ ഇന്നലെ പള്ളിയിൽ പ്രാർഥന കഴിഞ്ഞ് മടങ്ങവെ രാവിലെ എട്ടരയോടെ കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിലായിരുന്നു അപകടം.
എതിർദിശയിലെ ഹോട്ടലിലേക്ക് ഭക്ഷണം കഴിക്കാൻ റോഡ് മുറിച്ചുകടക്കുന്നനിടെ മീൻകയറ്റി ഹൈറേഞ്ച് ഭാഗത്തേക്ക് പോകുകയായിരുന്ന മിനിലോറി എൽദോസിനെ പിന്നിൽനിന്നു ഇടിച്ച് വീഴ്ത്തി ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. ഈ സമയം റോഡ് കുറുകെ കടക്കാൻ കാത്തുനിൽക്കുകയായിരുന്നു ഭാര്യ ശാന്ത. സംഭവം കണ്ടു ബോധരഹിതയായ ശാന്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അപകടത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്. സംസ്കാരം തിങ്കളാഴ്ച കോതമംഗലം മാർത്തോമ ചെറിയപള്ളിയിൽ. ചെറിയപള്ളി ട്രസ്റ്റി, മാർ ബേസിൽ സ്കൂൾ മാനേജർ, മാർ ബസേലിയോസ് ആശുപത്രി സെക്രട്ടറി, കോതമംഗലം ലയണ്‍സ് ക്ലബ് പ്രസിഡന്റ് തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട്. കോതമംഗലത്തെ മുൻ വ്യാപാരിയായിരുന്നു. മക്കൾ: സ്റ്റൈബി, നിമിത (യുഎസ്എ). മരുമക്കൾ: വിനീത വട്ടക്കാവിൽ ആറൂർ, ജോർജ് കോട്ടക്കകം പാലക്കാട് (യുഎസ്എ).