19.12 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സോണ്ട
1298232
Monday, May 29, 2023 1:02 AM IST
കൊച്ചി: ബ്രഹ്മപുരത്ത് ബയോമൈനിംഗ് കരാറില്‍ നിന്ന് സോണ്ടയെ നീക്കം ചെയ്യാനുള്ള നടപടികളിലേക്ക് നീങ്ങുന്നതിനിടെ 19.12 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സോണ്ട കൊച്ചി കോര്‍പറേഷനും കെഎസ്ഐഡിസിക്കുമെതിരെ ആര്ബിട്രേഷന് നടപടി ആരംഭിച്ചു. കോര്‍പറേഷനും കെഎസ്ഐഡിസിയും 30 ദിവസത്തിനകം തീരുമാനം അറിയിക്കണമെന്നാണ് ആര്ബിട്രേഷന് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്.
ഒത്തുതീര്‍പ്പ് വ്യവസ്ഥയെന്ന നിലയില്‍ 19.12 കോടിയാണ് സോണ്ട കൊച്ചി കോര്‍പറേഷനില്‍ നിന്ന് ആവശ്യപ്പെടുന്നത്. പ്ലാന്റിലെ മാലിന്യത്തിലുണ്ടായ തീപിടിത്തത്തിനുശേഷം ബയോമൈനിംഗ് നടത്താന്‍ അനുമതി നിഷേധിച്ചത് കരാര്‍ ലംഘനമാണെന്ന് ആര്ബിട്രേഷന് നോട്ടീസില്‍ പറയുന്നു. പ്രവൃത്തിക്ക് അനുമതി നല്കുന്നതു മുതല്‍ ഓരോ കാര്യങ്ങളിലും തീരുമാനമെടുക്കുന്നതില്‍ കാലതാമസം വരുത്തി.
പ്ലാന്റില്‍ അടിസ്ഥാന സംവിധാനങ്ങള്‍ സജ്ജമാക്കിയില്ല. ക്യാപിംഗിന് അനുമതി നല്‍കിയില്ല. പ്ലാന്റില്‍ വൈദ്യുതി കണക്ഷനോ സുഗമമായ യാത്രസൗകര്യമോ ഒരുക്കിയില്ല. ഫണ്ട് നല്കുന്നതില് വീഴ്ചവരുത്തി എന്നിങ്ങനെ ഗുരുതര ആരോപണങ്ങളാണ് കോര്‍പറേഷനെതിരെ കമ്പനി ഉന്നയിക്കുന്നത്.
30 ശതമാനം പ്രവൃത്തി പൂര്‍ത്തിയാക്കിയതിനുള്ള പ്രതിഫലമായി ഇനിയും കിട്ടാനുള്ള 8.23 കോടി ആവശ്യപ്പെട്ട് ഏപ്രില്‍ രണ്ടിന് കോര്പറേഷന് കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ല. ബയോമൈനിംഗ് പുരോഗതി വിലയിരുത്തുന്നതിനായി സംയുക്ത പരിശോധന നടത്തണമെന്ന അഭ്യര്‍ഥനയും പരിഗണിച്ചില്ല. കരാര്‍ കാലാവധി അവസാനിച്ചുവെന്ന കാരണം പറഞ്ഞ് പദ്ധതി പ്രദേശത്തുനിന്ന് സോണ്ടയുടെ മെഷിനുകള്‍ മാറ്റാനും അനുവദിച്ചില്ല.
കരാറിന് വിരുദ്ധമായി പ്രതിഫലം തടഞ്ഞതിനും മെഷിനുകള്‍ പിടിച്ചുവെച്ചതിനും നഷ്ടപരിഹാരം നല്‍കണമെന്നാണ് കമ്പനിയുടെ ആവശ്യം. തടഞ്ഞുവച്ച 13.63 കോടിയും കോര്‍പറേഷന്റെ കരാര്‍ വിരുദ്ധ പ്രവര്‍ത്തനം മൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്ക് പകരമായി 5.49 കോടിയും ഉള്‍പ്പെടെ 19.12 കോടിയാണ് സോണ്ട ആവശ്യപ്പെടുന്നത്.