വെള്ളമെന്ന് കരുതി രാസവസ്തു മദ്യത്തിൽ ചേർത്ത് കഴിച്ചയാൾ മരിച്ചു
1297485
Friday, May 26, 2023 1:16 AM IST
ഇലഞ്ഞി: വെള്ളമാണെന്ന് കരുതി രാസവസ്തു മദ്യത്തിൽ ചേർത്ത് കഴിച്ച് അവശനിലയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. തലയോലപ്പറന്പ് കൈപ്പെട്ടിയിൽ പരേതനായ മത്തായിയുടെ മകൻ ജോസഫ് (ജോസുകുട്ടി, 35) ആണ് മരിച്ചത്.
ബുധനാഴ്ച രാവിലെയാണ് ഇലഞ്ഞി ആലപുരത്ത് ജോസുകുട്ടിയും മറ്റ് മൂന്നുപേരും റബറിന് ഷെയ്ഡ് ഇടുന്ന ജോലിക്കായി എത്തിയത്. ഇതിനിടെ റബർതോട്ടത്തിലെ കോഴിഫാമിലിരുന്ന കുപ്പിയിൽ വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് ഇവർ മദ്യത്തിൽ ചേർത്ത് കഴിക്കുകയായിരുന്നു.
ഫാമിലെ ആവശ്യത്തിനായി സൂക്ഷിച്ചിരുന്ന ഫോർമാലിനാണ് ഇവർ കഴിച്ചതെന്നാണ് നിഗമനം. നാലുപേർക്കും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിനെ തുടർന്ന് മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ജോസുകുട്ടിയുടെ നില ഗുരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റു മൂന്നു പേർക്കും സാരമായ പ്രശ്നങ്ങളില്ല. കൂത്താട്ടുകുളം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. സംസ്കാരം നടത്തി. മാതാവ്: എൽസി.