ഗ്യാസ് സിലിണ്ടർ ചോർന്ന് ഹോട്ടൽ കത്തിനശിച്ചു
1264420
Friday, February 3, 2023 12:19 AM IST
പള്ളുരുത്തി: കാലി സിലിണ്ടർ മാറ്റി, നിറസിലിണ്ടർ കണക്ട് ചെയ്യുന്നതിനിടെ ഗ്യാസ് ചോർന്നുണ്ടായ തീപിടിത്തത്തിൽ ഹോട്ടൽ കത്തിനശിച്ചു. തോപ്പുംപടിയിൽ പ്രവർത്തിക്കുന്ന ടോപ്പ് ഫോം ഹോട്ടലിൽ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെ ഏറെ തിരക്കേറിയ സമയത്തായിരുന്നു അപകടം. തീപിടിച്ച സിലിണ്ടറുമായി ജീവനക്കാർ പുറത്തേക്ക് ഓടിയെങ്കിലും പുറത്ത് എത്തുന്നതിന് മുമ്പ് തീ ആളിപ്പടരുകയായിരുന്നു. ഇതേത്തുടർന്ന് അവർ അകത്തുതന്നെ സിലിണ്ടർ ഉപേക്ഷിച്ചു.
ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്നവരും ജീവനക്കാരും പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. മൂന്ന് ഹോട്ടൽ ജീവനക്കാർക്ക് ചെറിയ തോതിൽ പരിക്കേറ്റു. ബംഗാൾ സ്വദേശികളായ താജ്, ചാന്തു എന്നിവരെയും മറ്റൊരാളെയും ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. തീച്ചൂടിൽ ഹോട്ടലിലെ ഗ്ലാസുകൾ പൊട്ടിത്തെറിച്ചു.
മട്ടാഞ്ചേരി അഗ്നിരക്ഷാ നിലയത്തിൽ നിന്ന് എത്തിയ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് എത്തിയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കിയത്. അസി.സ്റ്റേഷൻ ഓഫീസർമാരായ മനോജ്.എസ് നായിക്, പി.എ അബ്ബാസ്, ഫെലിക്സ് മാത്യു, ഫയർമാൻമാരായ വൈ.നിബു, ലജുമോൻ, വി.വിബിൻ, സൂര്യ,ഡ്രൈവർ റഫീക്ക് എന്നിവർ തീയണയ്ക്കലിൽ പങ്കാളികളായി.