ജോയിന്റ് വെരിഫിക്കേഷൻ നടത്തണം: ഡീൻ കുര്യാക്കോസ് എംപി
1544852
Wednesday, April 23, 2025 11:57 PM IST
തൊടുപുഴ: തൊമ്മൻകുത്തിൽ കുരിശു പിഴുത സംഭവത്തിൽ റവന്യു വകുപ്പിന്റെ ബിടിആർ രേഖകൾ ആധികാരികമല്ലെന്ന് ഡീൻ കുര്യാക്കോസ് എംപി. ബിടിആർ രേഖകൾ അടിസ്ഥാനപ്പെടുത്തി രേഖകളിൽ സ്ഥലത്തിന്റെ നിജസ്ഥിതി തീർപ്പുകൽപ്പിക്കാനാവില്ല.
1930കളിലെ ബിടിആർ രജിസ്റ്റർ മാത്രമാണ് ആധികാരികമെന്ന് പ്രചരിപ്പിക്കുന്നത് ശരിയല്ല. സംയുക്തപരിശോധന നടത്തി തീർപ്പുകൽപ്പിക്കാത്ത എല്ലായിടങ്ങളിലും റവന്യൂ ബിടിആർ രേഖ വച്ച് വനമാണെന്ന് സ്ഥാപിക്കാൻ വനംവകുപ്പ് അനാവശ്യ ശ്രമം നടത്തുന്നത് വനവിസ്തൃതി വർധിപ്പിക്കാനാണ്. അതിനാൽ അടിയന്തരമായി ജോയിന്റ് വെരിഫിക്കേഷൻ നടത്തി പ്രശ്നം പരിഹരിക്കണം.
ആരാധനാലയങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ആശുപത്രികളും മതസ്ഥാപനങ്ങളും നിരവധി ടൗണ്‍ഷിപ്പുകളും കൈവശഭൂമിയിൽ ഉയർന്നുവരികയും അവ നിയമവത്കരിക്കാൻ സർക്കാർ നയപരമായ തീരുമാനവും എടുക്കുകയും ചെയ്തിട്ടുള്ളതാണ്.
തൊമ്മൻകുത്ത് ദേവാലയത്തിന്റെ കുരിശിനും കുടിയേറ്റ കർഷകനും ഈ സംരക്ഷണം ലഭ്യമാക്കാൻ സർക്കാരിന് ഉത്തരവാദിത്വമുണ്ട്.
വനംവകുപ്പിന് കൃഷിഭൂമി തീറെഴുതി കൊടുക്കാനുള്ള ശ്രമം ജനകീയ സമരത്തിലൂടെ ചെറുത്തുതോൽപ്പിക്കുമെന്നും പരിപാവനമായ കുരിശിനെ അപമാനിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടി സ്വീകരിക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.