സംസ്ഥാന മാസ്റ്റർ ഷെഫ് മത്സരം നാളെ മൂന്നാറിൽ
1544846
Wednesday, April 23, 2025 11:57 PM IST
തൊടുപുഴ: മൂന്നാറിലെ ഹോട്ടൽ ആന്‍ഡ് റിസോർട്ടുകളുടെ സംഘടനയായ മൂന്നാർ ഡെസ്റ്റിനേഷൻ മേക്കേഴ്സിന്റെ ആഭിമുഖ്യത്തിൽ സ്പൈസ് മാസ്റ്റർ 2025 എന്ന പേരിൽ സംസ്ഥാന മാസ്റ്റർ ഷെഫ് മത്സരം നാളെ രാവിലെ 10ന് സൂര്യനെല്ലി മൂന്നാർ കേറ്ററിംഗ് കോളജിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ടിവി അവതാരകയും പാചക വിദഗ്ധയുമായ ലക്ഷ്മി നായർ മുഖ്യാതിഥിയായിരിക്കും. ജില്ലാ ടൂറിസം മേധാവി ടി.ജി. ഷൈൻ ഉദ്ഘാടനം ചെയ്യും. ഡിടിപിസി സെക്രട്ടറി ജിതീഷ് ജോസ്, ടിസൻ തച്ചങ്കരി, കേരള ട്രാവൽമാർട്ട് പ്രതിനിധികൾ, ടൂറിസം ട്രേഡ് യൂണിയൻ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
50,000 രൂപയും പ്രശസ്തി പത്രവും ഫലകവുമാണ് ഒന്നാം സ്ഥാനക്കാർക്കുള്ള പുരസ്കാരം. രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 25000, 12500 രൂപയും പ്രശസ്തി പത്രവും ഫലകവും നൽകും. അറുപതിൽപ്പരം ഷെഫുമാരും വീട്ടമ്മമാരും ഓണ്‍ലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയതായി സംഘാടകർ പറഞ്ഞു.
പരിപാടി സ്പോണ്സർ ചെയ്തിരിക്കുന്നത് അബാദ് ഫുഡ്സ് ആണ്. പത്രസമ്മേളനത്തിൽ എംഡിഎം പ്രസിഡന്റ് ബേസിൽ യോയാക്കി, മുൻ പ്രസിഡന്റ് വർഗീസ് ഏലിയാസ്, ട്രഷറർ പ്രമോദ് എന്നിവർ പങ്കെടുത്തു.