കളക്ടർ ഇടപെട്ടു: സിവിൽ സ്റ്റേഷനിലെ പെരുന്തേനീച്ചക്കൂട് നീക്കി
1544857
Wednesday, April 23, 2025 11:57 PM IST
തൊടുപുഴ: ജില്ലാ കളക്ടർ ഇടപെട്ടതിനെത്തുടർന്ന് തൊടുപുഴ മിനി സിവിൽ സ്റ്റേഷനിൽ ജീവനക്കാർക്ക് ഭീതിയായി നിലനിന്നിരുന്ന പെരുന്തേനീച്ചക്കൂട് നീക്കം ചെയ്തു. കെട്ടിടത്തിന്റെ പിൻഭാഗത്ത് മുകൾ നിലയിലെ ജനാലയ്ക്കു സമീപമാണ് പെരുന്തേനീച്ച കൂടു കൂട്ടിയത്.
കാലങ്ങളായി ഇവിടെ തേനീച്ചക്കൂട് ഉണ്ടായിരുന്നെങ്കിലും ഇതു നീക്കംചെയ്യാൻ അധികൃതർ നടപടി സ്വീകരിച്ചിരുന്നില്ല.
കഴിഞ്ഞ 11ന് പെരുന്തേനീച്ചക്കൂടിന്റെ ചിത്രം ദീപികയിൽ പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ജില്ലാ കളക്ടറുടെ ഒൗദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പത്രത്തിന്റെ കട്ടിംഗ് സഹിതം ഇക്കാര്യം കളക്ടർ വി. വിഗ്നേശ്വരിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത് ഉടൻ തന്നെ നീക്കം ചെയ്യുമെന്ന് ദീപിക ഫോട്ടോഗ്രാഫർക്ക് കളക്ടറുടെ മറുപടിയും ലഭിച്ചു. ഇതിനു പിന്നാലെയാണ് കഴിഞ്ഞ ദിവസം രാത്രി തേനീച്ചക്കൂട് നശിപ്പിച്ചത്. കഴിഞ്ഞ മാസം തിരുവനന്തപുരം കളക്ടറേറ്റിൽ സുരക്ഷാ പരിശോധനയ്ക്കിടെ പെരുന്തേനീച്ചക്കൂട് ഇളകി ഒട്ടേറെ ജീവനക്കാർക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു.